കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യപ്പാടിയില്‍ കടവരാന്തയില്‍ കിടന്നിരുന്ന പശുവിനെ മോഷ്ടിച്ച് കാറില്‍ കടത്തികൊണ്ടുപോയ കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍. മംഗ്‌ളൂരു, ജോക്കട്ടയിലെ മുഹമ്മദ് അഷ്ഫാഖി(30)നെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ പി അനൂപ് കൃഷ്ണയും സംഘവും അറസ്റ്റു ചെയ്തത്. മറ്റു രണ്ടു പ്രതികളായ ജോക്കട്ടയിലെ റാസിഖ് (26), ഉള്ളാള്‍, അളിക്കെയിലെ മുഹമ്മദ് ഇര്‍ബാസ് (25) എന്നിവരെ ജൂലായ് നാലിനു അറസ്റ്റു ചെയ്തിരുന്നു. ജൂണ്‍ 16ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കന്യപ്പാടി, റഹ്‌മത്ത് മന്‍സിലിലെ കെ എം മുഹമ്മദിന്റെ വീടിനു മുന്നിലെ കട വരാന്തയില്‍ കിടക്കുകയായിരുന്ന പശുവാണ് മോഷണം പോയത്. സി സി ടി വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പൊലീസ് സംഘത്തില്‍ എ എസ് ഐ പ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുല്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു.







