ബദിയഡുക്ക: ബദിയഡുക്കയില്‍ എട്ടുകാലി മമ്മുഞ്ഞി ഇറങ്ങിയെന്നു പഞ്ചായത്തു പ്രസിഡന്റ് ശാന്ത മുന്നറിയിച്ചു.
പഞ്ചായത്ത് മുന്‍കൈയെടുത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടു കാലവര്‍ഷത്തിന്റെ മുന്‍ കരുതലായി റോഡരുകിലെ അപകടകരമായേക്കാവുന്ന മരങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ അതിന്റെ ആളു ഞമ്മളാണെന്നു പറഞ്ഞു ഒരു വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നു പഞ്ചായത്തു പ്രസിഡന്റ് അറിയിപ്പില്‍ പറഞ്ഞു.
മഴയെത്തുടര്‍ന്നു പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെട്ട ഇത്തരം മരങ്ങളുടെ കണക്ക് പഞ്ചായത്ത് നേരിട്ടെടുക്കുകയും പഞ്ചായത്ത് ഭരണസമിതി വിളിച്ചുകൂട്ടി അക്കാര്യം ചര്‍ച്ച ചെയ്യുകയും അപകടകരമായ റോഡ് സൈഡിലേതുള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ഒരു കമ്മറ്റി രൂപീകരിച്ച് അവരെ ചുമതല ഏല്‍പ്പിക്കുകയും അതിനു ശേഷം ഫോറസ്റ്റ് വകുപ്പിന്റെ അനുമതി തേടുകയും അവസാനമായി കെഎസ്ടിപിയുടെ സമ്മതം തേടുകയും ചെയ്ത ശേഷമാണ് മരം മുറിക്കാന്‍ പഞ്ചായത്ത് ശ്രമമാരംഭിച്ചതെന്ന് അറിയിപ്പില്‍ പറഞ്ഞു. ഇതിനു നിരവധി കടമ്പകള്‍ കടന്നു സമയവും മനുഷ്യാധ്വാനവും എടുത്താണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഇത്രയും പണികള്‍ കഴിഞ്ഞു മരം മുറിക്കാന്‍ തുടങ്ങിയതോടെയാണ് അതിന്റെ വീഡിയോ പ്രത്യക്ഷപ്പെടുകയും മരം മുറിക്കലിന്റെ അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളതെന്നു അറിയിപ്പില്‍ പറഞ്ഞു. വായനാ പക്ഷാചരണക്കാലത്തെ ഈ വിശേഷം എട്ടുകാലി മമ്മൂഞ്ഞിയുടെ തിരിച്ചുവരവ് ഓര്‍മ്മിപ്പിക്കുന്നു- അവര്‍ ചൂണ്ടിക്കാട്ടി.








