കാസര്‍കോട്: ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് രാജിവയ്ക്കണമെന്നും ജില്ലയിലെ ആരോഗ്യ മേഖലയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനറല്‍ ആശുപത്രി മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ബിജെപി മധൂർ പഞ്ചായത്ത് വെസ്റ്റ് ഏരിയാ പ്രസിഡണ്ട് കെ. മാധവ മാസ്റ്റർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ പ്രകടനമായി എത്തിയ ബി ജെ പി പ്രവര്‍ത്തകരെ ജനറല്‍ ആശുപത്രിയില്‍ നിന്നു 100 മീറ്റര്‍ അകലെ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്നു ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനിയും പ്രവര്‍ത്തകരും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായി. ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
ജനറല്‍ ആശുപത്രി മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത ഉണ്ടെന്ന സൂചനകളെ തുടര്‍ന്ന് കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയത്.









