മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയി; പിന്നിൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം.സംഭവത്തെ ശക്തമായി അപലപിച്ച കേന്ദ്ര വിദേശകാര്യമന്ത്രാലയം തൊഴിലാളികളുടെ മോചനം വേഗത്തിലാക്കാൻ മാലി സർക്കാറിനോട് ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഫാക്ടറി വളപ്പിൽ ആയുധധാരികളായ ഒരു സംഘം അക്രമികൾ മൂന്ന് ഇന്ത്യക്കാരെ ബലമായി ബന്ദികളാക്കി കൊണ്ടുപോയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അൽ-ഖ്വയ്ദ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ചൊവ്വാഴ്ച മാലിയിലുടനീളം നടന്ന സംഘടിത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. മാലിയിലെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും പൗരന്മാരുടെ മോചനം സാധ്യമാക്കാൻ തങ്ങളും ഇടപെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മാലിയിൽ താമസിക്കുന്ന ഇന്ത്യക്കാരോട് ജാഗരൂകരായി ഇരിക്കാനും ബാമാകോയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page