യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, പെരിയാട്ടടുക്കത്തെ രാജു എന്ന രാജേഷി(35)ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് മൃതദേഹം രാജുവിന്റേതാണെന്നു തിരിച്ചറിഞ്ഞത്. ബേക്കല്‍ എസ് ഐ സവ്യസാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കമിഴ്ന്ന് കിടന്ന നിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഞായറാഴ്ച രാവിലെയാണ് രാജുവിനെയും ഭര്‍തൃമതിയായ യുവതിയെയും പെരിയാട്ടടുക്കത്തു നിന്നു കാണാതായത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ യുവതിയെ വളപട്ടണം പുഴയില്‍ നിന്നു പരിസരവാസികള്‍ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസെത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നു. താനും രാജുവും ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയതാണെന്നും പിന്നീട് പള്ളിക്കര റെയില്‍വെ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ മാര്‍ഗ്ഗം വളപട്ടണത്ത് എത്തിയെന്നും യുവതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. രാത്രി 12 മണിയോടെ താനും രാജുവും പുഴയില്‍ ചാടിയെന്നും മൊഴിയില്‍ പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിനു വിടുകയും യുവതി ഭര്‍ത്താവിനൊപ്പം പോവുകയും ചെയ്തു. ഇതിനിടയില്‍ രാജുവിനെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. രാജുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റു മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page