‘പരിചയം ഇന്‍സ്റ്റഗ്രാം വഴി, സാമ്പത്തിക ഇടപാട് നടന്നിട്ടില്ല’; റസീനയുടെ ആത്മഹത്യയില്‍ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് റഹീസ്, തന്നെ മര്‍ദ്ദിച്ചെന്ന യുവാവിന്റെ പരാതിയില്‍ 5 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കായലോട്ട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആണ്‍സുഹൃത്ത് റഹീസ്. സാമ്പത്തിക ഇടപാടൊന്നും നടന്നിട്ടില്ലെന്നും റസീനയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയാണെന്നും യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. മൂന്നുവര്‍ഷമായുള്ള പരിചയം സോഷ്യല്‍ മീഡിയ വഴിയാണെന്നാണ് യുവാവ് എഴുതി നല്‍കിയ മൊഴിലുള്ളത്. യാതൊരു വിധത്തിലുളള സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്നും യുവാവിന്റെ മൊഴിയിലുണ്ട്. യുവാവിനെതിരെ ഗുരുതര ആരോപണമാണ് റസീനയുടെ കുടുംബം വെള്ളിയാഴ്ച ഉന്നയിച്ചിരുന്നത്. പണവും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് ഗുരുതര ആരോപണം. യുവാവ് റസീനയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസത്തിലാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു കുടുംബം ആരോപണമുന്നയിച്ചത്. പുലര്‍ച്ചെ പിണറായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ യുവാവില്‍ നിന്ന് തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. കായലോട് റസീനയും യുവാവും സംസാരിച്ചു കൊണ്ടിരിക്കെ എന്താണ് സംഭവിച്ച് എന്നതില്‍ പൊലീസ് വ്യക്തത തേടുകയാണ്. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ തങ്ങള്‍ സംസാരിച്ചിരിക്കെ ഒരു സംഘം ആളുകളെത്തി ഭീഷണിപ്പെടുത്തിയെന്നും മൊബൈല്‍ തട്ടിപ്പറിച്ചെന്നും റസീന വ്യക്തമാക്കിയിട്ടുണ്ട്. തന്നെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. താന്‍ ജീവനൊടുക്കാനുള്ള കാരണമിതാണെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതിനിടെ ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുബഷീര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സഖറിയ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മര്‍ദിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page