പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലും വീടുകളിലും കവര്‍ച്ച; നാലു സ്ത്രീകളും ആക്രി വ്യാപാരിയും അറസ്റ്റില്‍

പയ്യന്നൂര്‍: പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തുന്ന നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരോട് തെരുവിലെ, സൈനബ മന്‍സിലില്‍ എസ്.എം ഫൈസല്‍ (42), തഞ്ചാവൂര്‍ സ്വദേശികളും നിലവില്‍ മുണ്ടേരി മൊട്ട മുതുകോത്ത്, വലിയ കുണ്ടു ഉന്നതി സ്വദേശിയുമായ ലക്ഷ്മി (36), രേവതി (31), ഷെല്‍വി (27), പാര്‍വ്വതി (50) എന്നിവരെയാണ് കണ്ണവം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. 14മാസമായി പൂട്ടിക്കിടക്കുകയായിരുന്ന കണ്ണവം എടയാറിലെ മലബാര്‍ ക്രഷറില്‍ നിന്നു 42 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയ കേസിലാണ് സംഘം അറസ്റ്റിലായത്. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. ആക്രി കട നടത്തുന്ന ആളാണ് ഫൈസല്‍. നിസാര വിലയ്ക്കാണ് ഇയാള്‍ കവര്‍ച്ചാമുതലുകള്‍ വാങ്ങിക്കുന്നത്. തലശ്ശേരി, ധര്‍മ്മടം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പൂട്ടിക്കിടക്കുന്ന വീടുകളോ, സ്ഥാപനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ സംഘം രാത്രികാലത്ത് സ്ഥലത്തെത്തി ഇലക്ട്രിക് ഉപകരണങ്ങള്‍, മോട്ടോറുകള്‍ തുടങ്ങിയവ മോഷ്ടിക്കുകയും ഫൈസലിനു വില്‍പ്പന നടത്തുകയുമാണ് സംഘത്തിന്റെ രീതിയെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page