10 വർഷങ്ങൾക്കു മുൻപ് പിതാവിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി, ഇടയ്ക്കിടെ നാട്ടിലെത്തി കുറ്റകൃത്യങ്ങൾ; കൊടുംകുറ്റവാളി പിടിയിൽ

ഇടുക്കി: ഉടുമ്പൻച്ചോലയിൽ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 10 വർഷങ്ങൾക്കുശേഷം പൊലീസ് പിടികൂടി. പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദ് രാജിനെയാണ് ഉടുമ്പൻചോല പൊലീസ് പിടികൂടിയത്. 2015ലാണ് കേസിനാസ്പദമായ സംഭവം. പിതാവായ കറുപ്പയ്യയെ ആനന്ദ് രാജ് തലയ്ക്കടിച്ചു കൊന്നു. കേസിൽ ജയിലിലായ ആനന്ദ് രാജിന് തൊടുപുഴ കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തമിഴ്നാട്ടിൽ ഒളിവിൽ പോയി. ഇതിനിടെ 2018ൽ നാട്ടിൽ തിരിച്ചെത്തി. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം വീണ്ടും തമിഴ്നാട്ടിലേക്ക് മുങ്ങി. കഴിഞ്ഞ ഫെബ്രുവരിയിൽ പാറത്തോട്ടിൽ എത്തിയ പ്രതി അയൽവാസിയായ ഈശ്വരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടെ ഇയാൾ മധുരയ്ക്ക് സമീപമുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് മധുര കല്ലുവെട്ടിയിൽ നിന്ന് പിടികൂടുകയായിരുന്നു. ഇയാളെ പാറത്തോട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അയൽവാസിയെ കുത്താൻ ഉപയോഗിച്ച കത്തി ആനന്ദ് രാജിന്റെ വീടിന്റെ പിൻ ഭാഗത്ത് നിന്ന് കണ്ടെടുത്തു. ശാന്തൻപാറ, ഉടുമ്പൻചോല, രാജാക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഇടയ്ക്കിടെ നാട്ടിലെത്തുന്ന ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം തമിഴ്നാട്ടിലേക്കു കടക്കുകയാണ് പതിവെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page