നിലമ്പൂ‍രിൽ വോട്ടെടുപ്പ് ആരംഭിച്ചു, പത്ത് സ്ഥാനാർഥികൾ, പ്രതീക്ഷയോടെ മുന്നണികൾ, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

മലപ്പുറം: നിലമ്പൂ‍രിൽ വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ ബൂത്തുകളിലും രാവിലെ തന്നെ നീണ്ട നിരയാണ് കാണുന്നത്. എന്നാൽ മണ്ഡലത്തിൽ മഴ ഭീഷണിയാവുമോ എന്നാണ് ആശങ്കയുണ്ട്. നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ്‌ ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‌ ജെൻഡർമാരുമുണ്ട്‌. 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ്‌ വോട്ടെണ്ണൽ. വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ചില വോട്ടർമാർ മടങ്ങിപ്പോയി. പുതിയ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. 2, 22, 35 പോളിംഗ് ബൂത്തുകളിലായിരുന്നു യന്ത്ര തകരാർ. ആദ്യ അരമണിക്കൂറിൽ നാല് ശതമാനം വോട്ട് പിന്നിട്ടു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.എം സ്വരാജിലൂടെ മണ്ഡലം നിലനിർത്തുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ ആര്യാടന് ഷൗക്കത്ത് മണ്ഡലം തിരിച്ചുപിടിക്കുമെന്നതില്‍ യുഡിഎഫ് അണികള്‍ക്ക് നല്ല പ്രതീക്ഷയുണ്ട്. സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ എംഎല്‍എ പിവി അന്‍വറിന് ആരും വിജയ സാധ്യത കാണുന്നില്ലെങ്കിലും അദ്ദേഹം പിടിക്കുന്ന വോട്ടുകള്‍ നിർണ്ണായകമാകും. മോഹന്‍ ജോർജിനെ സ്ഥാനാർത്ഥിയാക്കിയ ബിജെപിയെ സംബന്ധിച്ചും ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുയർത്താന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page