കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു, മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായി

ആലപ്പുഴ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായി. 1987, 91 വർഷങ്ങളിൽ അരൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടി. യു.ഡി.എഫ് സ്ഥാനാർഥിയായി കെ.ആർ. ഗൗരിയമ്മയ്ക്കെതിരേയാണ് മത്സരിച്ചത്. അതിന് ശേഷമാണ് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുകൊണ്ട് മാരാരിക്കുളത്തുനിന്ന് വിജയിക്കുന്നത്. മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ 1965 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2001-ൽ മാരാരിക്കുളത്ത് വീണ്ടും മത്സരിച്ചെങ്കിലും ടി.എം. തോമസ് ഐസക്കിനോട് പരാജയപ്പെട്ടു.
ആലപ്പുഴ ഡിസിസിയുടെ വൈസ് പ്രസിഡന്റായും, 1978 ൽ ആലപ്പുഴ നഗരസഭയിൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ പള്ളിക്കത്തൈയിൽ ജുസിഞ്ഞിന്റെയും റബേക്കയുടെയും മകനായി 1937ലാണ് പി.ജെ. ഫ്രാൻസിസിന്റെ ജനനം. ആലപ്പുഴയുടെ ചരിത്രവുമായി ബന്ധപ്പെട്ടതടക്കം നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ആലപ്പുഴ മൌണ്ട് കാർമ്മൽ കത്തീഡ്രൽ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page