കാസര്‍കോട്: പെരിയ, മൂന്നാം കടവ് കയറ്റത്തില്‍ ടാങ്കര്‍ ലോറി കുടുങ്ങി. ഇന്ന് (ബുധന്‍) രാവിലെ ഒന്‍പതേകാല്‍ മണിയോടെ കുണ്ടംകുഴി ഭാഗത്ത് നിന്നു നിറയെ ഇന്ധനവുമായി എത്തിയ ടാങ്കര്‍ലോറിയാണ് റോഡിലെ കയറ്റവും വളവും ഉള്ള ഭാഗത്ത് കുടുങ്ങിയത്. ഇതേ തുടര്‍ന്ന് പെരിയ-കുണ്ടംകുഴി റൂട്ടിലെ ബസ് ഗതാഗതം തടസ്സപ്പെട്ടു. ലോറിയെ തള്ളിനീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ടാങ്കില്‍ നിറയെ ഇന്ധനം ഉള്ളതിനാല്‍ ലോറിയെ നീക്കാന്‍ കഴിയുന്നില്ല. ടാങ്കറില്‍ നിറയെ ഇന്ധനം ഉണ്ടെന്ന വിവരം പുറത്തായതോടെ സ്ഥലത്ത് വലിയ അപകടഭീഷണി ഉയര്‍ന്നു. ലോറി പിന്നോട്ട് നീങ്ങിയാല്‍ വലിയ അപകടത്തിന് സാധ്യതയുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വളം കയറ്റിയെത്തിയ ലോറി മറിഞ്ഞ സ്ഥലത്തിന് സമീപത്താണ് ടാങ്കര്‍ ലോറി കുടുങ്ങിയത്.








