13 വര്‍ഷം മുമ്പ് രണ്ടു മക്കളെയും കൊണ്ട് ഒളിച്ചോടിയ യുവതിയെ കണ്ടെത്തി

തളിപ്പറമ്പ്: 13 വര്‍ഷം മുമ്പ് എട്ടും രണ്ടും വയസു പ്രായമുള്ള രണ്ടു മക്കളെയും കൊണ്ട് ഒളിച്ചോടിയ യുവതിയെ കണ്ടെത്തി. ആലക്കോട്, മണക്കടവ്, വായിക്കമ്പയില്‍ നിന്നു കാണാതായ സ്മിത (42)യെയും ഇപ്പോള്‍ ഇരുപത്തിയൊന്നു വയസ്സുള്ള മകളെയും 15 വയസ്സുള്ള മകനെയുമാണ് ആന്ധ്രാപ്രദേശില്‍ നിന്നു കണ്ടെത്തിയത്.
വായിക്കമ്പയിലെ പുത്തന്‍ പറമ്പില്‍ ജയന്റെ ഭാര്യയായിരുന്നു സ്മിത. ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്മിത 2012 ഡിസംബര്‍ എട്ടിന് ചെറുപുഴ, പൊന്നംവയല്‍ സ്വദേശിയായ സുഭാഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. കുട്ടികളെയും കൊണ്ട് വീട്ടില്‍ നിന്നു പുറത്തേക്ക് പോയ സ്മിതയെ കാണാതായി എന്നാണ് കേസ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്മിത മകളെയും കൂട്ടി ഒളിച്ചോടുകയായിരുന്നുവെന്ന നിഗമനത്തില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം നിലച്ച പ്രസ്തുത കേസിന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ആലക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ. നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ലിഫ്റ്റ് ടെക്‌നീഷ്യനായ സുഭാഷിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിര്‍ണ്ണായകമായി. ഇന്ത്യയിലെ എല്ലാ ലിഫ്റ്റ് കമ്പനികളുമായി പൊലീസ് ബന്ധപ്പെട്ടു. ‘കോനെ’ എന്ന ലിഫ്റ്റ് കമ്പനിയുടെ സബ് കോണ്‍ട്രാക്ട് സുഭാഷ് എന്നയാള്‍ ഏറ്റെടുത്തതായി കണ്ടെത്തി. തുടര്‍ന്ന് എഎസ്‌ഐ കെ. അബ്ദുല്‍ മുനീര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ ജാബിര്‍, അഷ്‌റഫ്, ഡ്രൈവര്‍ അബ്രാഹാം എന്നിവര്‍ ഹൈദരാബാദില്‍ എത്തിയാണ് സ്മിതയെയും കാമുകനെയും മക്കളെയും കണ്ടെത്തിയത്. നാലു പേരെയും ചൊവ്വാഴ്ച രാവിലെ ആലക്കോട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. താന്‍ സ്വന്തം ഇഷ്ടപ്രകാരം സുഭാഷിനൊപ്പം പോയതാണെന്നും മക്കള്‍ ഹൈദരാബാദില്‍ പഠിക്കുന്നതായും സ്മിത പൊലീസിനു മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page