കണ്ണിൽപൊടിയിട്ട് 21 വർഷം ചികിത്സ; പ്രീഡിഗ്രി തോറ്റ വ്യാജ ഡോക്ടർ 81-ാം വയസ്സിൽ പിടിയിൽ

കോഴിക്കോട്: 21 വർഷമായി നാട്ടുകാരെ പറ്റിച്ച് ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. 81 വയസ്സുകാരനായ മാറാട് മെഡിക്കൽ സെന്റർ ഉടമ ഇ.കെ. കണ്ണൻ എന്ന കുഞ്ഞിക്കണ്ണനെയാണ് പൊലീസ് പിടികൂടിയത്. 2004 മുതൽ മാറാട് സാഗരസരിണിയിൽ വായനശാലയ്ക്കു സമീപം മാറാട് മെഡിക്കൽ സെന്റർ എന്ന പേരിൽ ചികിത്സാ കേന്ദ്രം നടത്തി രോഗികളെ ചികിത്സിച്ചിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ കണ്ണൻ പ്രീഡിഗ്രി തോറ്റയാളാണ്. 21 വർഷത്തിനിടെ ആയിരക്കണക്കിനു പേരെ ഇയാൾ ചികിത്സിച്ചിട്ടുണ്ട്. ഒരു സംശയത്തിനും ഇടവരുത്താത്ത രീതിയിലാണ് ഇയാൾ പെരുമാറിയിരുന്നത്. എന്നാൽ കിടപ്പുരോഗികൾക്കു നൽകിയ മരുന്നുകളുടെ പരിശോധനയിൽ പാലിയേറ്റീവ് നഴ്സുമാർ ക്രമക്കേട് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മരുന്നിന്റെ കാലാവധി രേഖപ്പെടുത്തിയിരുന്ന ഭാഗം അടർത്തി മാറ്റിയ ശേഷം അവിടെ മരുന്ന് കഴിക്കേണ്ട രീതി എഴുതിയ സ്റ്റിക്കർ ഒട്ടിച്ച് വിതരണം ചെയ്യുകയായിരുന്നു. പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊലീസും ഡ്രഗ്സ് കൺട്രോൾ സൊസൈറ്റിയും കാലാവധി കഴിഞ്ഞ മരുന്നുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. നല്ലളം പാടം സ്റ്റോപ്പിനു സമീപം സ്ഥിര താമസമാക്കിയ ഇയാൾ തീരമേഖല കേന്ദ്രീകരിച്ചാണ് ചികിത്സാകേന്ദ്രം നടത്തിയിരുന്നത്. ഒരുവിധ രേഖകളും രജിസ്ട്രേഷനുമില്ലാതെ അലോപ്പതി-ആയുർവേദ ചികിത്സ നടത്തുകയും കാലപ്പഴക്കമുള്ള മരുന്നുകൾ നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page