സിപിഎമ്മില്‍ ചേര്‍ന്ന മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓഫീസിനു ചുവന്ന പെയിന്റടിക്കാന്‍ ശ്രമം; തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സംഘര്‍ഷം

പാലക്കാട്: കോണ്‍ഗ്രസ് കോട്ടായി മണ്ഡലം പ്രസിഡന്റ് കെ. മോഹന്‍കുമാര്‍ ഉള്‍പ്പെടെ മുപ്പതോളം പ്രവര്‍ത്തകരും നേതാക്കളും സിപിഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷം. മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവപ്പ് പെയിന്റടിക്കാന്‍ കെ.മോഹന്‍കുമാറിനെ അനുകൂലിക്കുന്നവര്‍ ശ്രമിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതു തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തന്റെ പേരിലാണ് ഓഫീസിന്റെ എഗ്രിമെന്റെന്നാണ് മോഹന്‍കുമാര്‍ വാദിക്കുന്നത്. ഓഫീസിന്റെ വാടക കരാര്‍ പുതുക്കുമ്പോള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു മോഹന്‍കുമാറിനു വാടകയ്ക്കു നല്‍കുന്നുവെന്നാണ് പറയുന്നത്. ഏത് പാര്‍ട്ടിയാണെന്ന് പറയുന്നില്ലെന്നും അതിനാല്‍ ഓഫീസ് തന്റെ ആവശ്യങ്ങള്‍ക്കു വിട്ടു നല്‍കണമെന്നും മോഹന്‍കുമാര്‍ വാദിക്കുന്നു. എന്നാല്‍ 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഓഫീസാണിതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാരുടെ പേരില്‍ തന്നെയാണ് സാധാരണ എഗ്രിമെന്റ് എഴുതാറുള്ളതെന്നും പാര്‍ട്ടി വിടുമ്പോള്‍ ഓഫീസ് വിട്ടു തരാനാകില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകരെയും ഒഴിപ്പിച്ച് പൊലീസ് ഓഫീസ് പൂട്ടി.
നേരത്തേ മോഹന്‍കുമാറിനെയും മറ്റു നേതാക്കളെയും പ്രവര്‍ത്തകരെയും സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഗ്രൂപ്പിസവും നേതാക്കളുടെ സ്വാര്‍ഥ താല്‍പര്യങ്ങളും കോണ്‍ഗ്രസിനെ തകര്‍ക്കുന്നു. ഡിസിസി പ്രസിഡന്റ് ഏകാധിപതികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. യൂത്ത് കോണ്‍ഗ്രസ് കോട്ടായി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നൗഫല്‍, തരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ബി. ശശികുമാര്‍ എന്നിവരും മോഹന്‍കുമാറിനൊപ്പം സിപിഎമ്മില്‍ ചേര്‍ന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page