മാടായിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

പഴയങ്ങാടി: ജനവാസകേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. മാടായി പഞ്ചായത്ത് പരിധിയിലെ വെങ്ങര, മാടായിപ്പാറ ചൈനാക്ലേ, തവരത്തടം ഭാഗങ്ങളില്‍ കര്‍ഷക രക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് രണ്ട് പന്നികളെ വെടിവെച്ചുകൊന്നത്. അഞ്ചിലധികം പന്നികളെ കാട്ടിലേക്ക് തുരത്തുകയും ചെയ്തു.
ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങി ജീവനും സ്വത്തിനും കൃഷിക്കും പന്നികള്‍ ഭീഷണി സൃഷ്ടിച്ചതോടെയാണ് മാടായി പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചത്. കാട്ടുപന്നികളെ വെടിവെക്കുന്നതിന് അനുമതിയുള്ള കര്‍ഷകരക്ഷാസേനയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് പന്നിവേട്ട ആരംഭിച്ചത്. നിഷാദ് ജോണ്‍, സജി ഈഴക്കുന്നേല്‍, ഷാജി ഇലവുങ്കല്‍, സിറിസ ജോര്‍ജ്, ജിമ്മി, ബിനുജോണ്‍, ജയിംസ്, എം.എ ബിജി, കെ.എസ്. സാബു, വി.ഡി തോമസ്, എം.എം ബെന്നി എന്നിവരടങ്ങിയ കര്‍ഷക രക്ഷാസേന പ്രവര്‍ത്തകരുടെ ദൗത്യം വൈകീട്ട് 5.30 വരെ തുടര്‍ന്നു. വെടിവെച്ചുകൊന്ന രണ്ട് പന്നികളെയും മാടായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി ധനലക്ഷ്മി, സെക്രട്ടറി വി. പി അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്‌കരിക്കുകയും ചെയ്തു.
കാട്ടുപന്നികളുടെ ശല്യം കാരണം കൃഷി അവസാനിപ്പിച്ച ഒട്ടേറെ കര്‍ഷകരുണ്ട്. ഇവരെ കൃഷിയിലേക്ക് കൊണ്ടുവരിക, പന്നികളുടെ അക്രമണത്തിന് അറുതിവരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയാണ് കര്‍ഷകരക്ഷാസേന. ലൈസന്‍സുള്ള തോക്കുള്ളവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. പ്രതിഫലമൊന്നും വാങ്ങാതെയാണ് പ്രവര്‍ത്തനം. പന്നി ശല്യം രൂക്ഷമാണെങ്കില്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ടാല്‍ ഇവയെ പിടികൂടുന്നതിനും വെടിവെക്കുന്നതിനും തയ്യാറാണെന്ന് ഇവര്‍ പറഞ്ഞു. ഫോണ്‍: 9400775500.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page