വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണം; കാലിക്കറ്റ് സർവകലാശാല വിസിക്ക് കത്തു നൽകി ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം

മലപ്പുറം: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം വൈസ് ചാൻസലർക്കു കത്തു നൽകി. സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജാണ് വൈസ് ചാൻസലർ പി. രവീന്ദ്രന് ഇതുസംബന്ധിച്ച കത്ത് നൽകിയത്.വേടൻ ലഹരിവസ്തുക്കളും പുലിപ്പല്ലും കൈവശം വച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വേടന്റെ പല വിഡിയോകളിലും മദ്യം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്നു. വേടന്റെ രചന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്, ഇയാൾ ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികൾ പകർത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കും. ഇതു തെറ്റായ സന്ദേശം സമൂഹത്തിന് നൽകും. അത്യന്തം ഖേദകരമായ തീരുമാനം പിൻവലിക്കണമെന്നും പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകൾ പാഠഭാഗമാക്കണമെന്നും കത്തിൽ അനുരാജ് ആവശ്യപ്പെടുന്നു.ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം എന്ന റാപ്പ് ഗാനം ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോൺട് കെയർ എബോട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് പാഠത്തിലുള്ളത്. അമേരിക്കൻ റാപ് സംഗീതവുമായി മലയാളി റാപ് സംഗീതത്തിനുള്ള താരതമ്യ പഠനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page