അനധികൃത ലോട്ടറി നടത്തിയാല്‍ ജാമ്യമില്ലാ കേസെന്ന് പൊലീസ് മുന്നറിയിപ്പ്; നടപടി കര്‍ശനമാക്കിയത് വീട്ടമ്മമാരുടെ നിരന്തരമായ ഫോണ്‍ വിളിയെ തുടര്‍ന്ന്, മാണിക്കോത്തെ ചിക്കന്‍ സ്റ്റാള്‍ ഉടമയായ കല്ലിങ്കാല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജീവമായ അനധികൃത ലോട്ടറി ചൂതാട്ടത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്. ചൂതാട്ടം നടത്തിയാല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കടകളുടെ ലൈസന്‍സ് റദ്ദാക്കാനും ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനുമാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ മുന്നോടിയായി വിവിധ ഭാഗങ്ങളില്‍ പൊലീസ് റെയ്ഡ് തുടരുന്നു. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍, എസ്.ഐമാരായ ശാര്‍ങ്ഗധരന്‍, അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ മാണിക്കോത്തെ ചിക്കന്‍ കടയില്‍ നടത്തിയ റെയ്ഡില്‍ ഒരാളെ അറസ്റ്റു ചെയ്തു. പള്ളിക്കര, കല്ലിങ്കാലിലെ മൊയ്തീന്‍ ആണ് അറസ്റ്റിലായത്. കടയില്‍ നിന്നു 17000 രൂപയും ലോട്ടറി നടത്തുന്നതിനു ആവശ്യമായ തുണ്ടു കടലാസുകളും മൊബൈല്‍ ഫോണും പിടികൂടി.
വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
വീട്ടമ്മമാരുടെ നിരന്തരമായ ഫോണ്‍ വിളികളെ തുടര്‍ന്നാണ് പൊലീസ് കര്‍ശന നടപടികളുമായി രംഗത്തിറങ്ങിയത്. രാവിലെ പണിക്കു പോകുന്ന ഭര്‍ത്താക്കന്മാരും മക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ഉള്ളവര്‍ കിട്ടുന്ന മുഴുവന്‍ കൂലിക്കും അനധികൃത ലോട്ടറി ടിക്കറ്റ് എടുക്കുന്നുവെന്നാണ് വീട്ടമ്മമാരുടെ പരാതി. ഒരു പൈസ പോലും വീട്ടിലേക്ക് കൊണ്ടു വരുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പി തന്നെ നേരിട്ട് അനധികൃത ലോട്ടറിക്കെതിരെ രംഗത്തിറങ്ങിയത്.
കാഞ്ഞങ്ങാട് നഗരത്തിലും പരിസരത്തുമായി ഒട്ടേറെ അനധികൃത ലോട്ടറി വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്ളതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. 10 രൂപയാണ് ഒരു ടിക്കറ്റിനു വില. 2000 മുതല്‍ 4000 രൂപയുടെ വരെ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ ഉണ്ടെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. 10 രൂപയുടെ ടിക്കറ്റിനു പരമാവധി 5000 രൂപയാണ് സമ്മാനമായി ലഭിക്കുക. അതിനാലാണ് കൂടുതല്‍ പേരും അനധികൃത ലോട്ടറിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതത്രെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page