സർക്കാർ ജോലിയും സ്വന്തം വീടും: കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വപ്നങ്ങൾ ബാക്കിയാക്കി രജിതയുടെ മടക്കം

പത്തനംതിട്ട: കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങൾ കൈപ്പാടകലെ നിൽക്കുമ്പോഴാണ് പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ അഹമ്മദാബാദിലെ വിമാനാപകടത്തിൽ മരിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രജിത ഒരു വർഷം മുൻപാണ് ലണ്ടനിലേക്കു ജോലിക്കായി പോയത്. രോഗബാധിതയായ അമ്മയുടെ ചികിത്സയും സ്വന്തമായി വീടെന്ന സ്വപ്നവും ഉൾപ്പെടെ സാക്ഷാത്കരിക്കാനായിരുന്നു ഇത്. വീടിന്റെ നിർമാണം അവസാന ഘട്ടത്തിൽ എത്തിച്ചിരുന്നു. ഇതിനിടെ സർക്കാർ ജോലിയും രജിതയ്ക്കു ലഭിച്ചു. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് 3 ദിവസത്തെ അവധിക്കായി നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കു മടങ്ങി സർക്കാർ ജോലിയിൽ പ്രവേശിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഒപ്പം പുതിയ വീട്ടിൽ ജൂലൈയിൽ കയറി താമസിക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വിമാനാപകടത്തിന്റെ രൂപത്തിൽ മരണമെത്തിയത്. രജിതയുടെ മകൻ ഇന്ദുചൂഡൻ പത്താംക്ലാസിലും മകൾ ഇതിക ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. രജിതയുടെ അമ്മ തുളസിക്കൊപ്പം പുല്ലാട്ടെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. രജിതയുടെ പിതാവ് ഗോപകുമാരൻ നായർ 5 വർഷങ്ങൾക്കു മുൻപാണ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page