ചെര്‍ക്കളയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് പടിയത്തടുക്ക സ്വദേശിക്ക് പരിക്ക്; പ്രകോപനം കാണിച്ച കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു; വിവരം അറിഞ്ഞെത്തിയ എസ് ഐയെയും സംഘത്തെയും കാര്‍ യാത്രക്കാരന്‍ ആക്രമിച്ചു; നിരവധി കേസുകളില്‍ പ്രതിയായ പനത്തടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കളയില്‍ വാഹനാപകടം നടന്ന വിവരം അറിഞ്ഞെത്തിയ എസ്.ഐയെയും സംഘത്തെയും ആക്രമിച്ചു. സംഭവത്തില്‍ കേസെടുത്ത വിദ്യാന നഗര്‍ പൊലീസ് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനത്തടി, ചാമുണ്ഡിക്കുന്നിലെ ശാസ്തമംഗലത്തു ഹൗസില്‍ എസ്.സി. പ്രമോദി (40)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒന്‍പതോളം കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. അപകടത്തിനു ഇടയാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ഇതേ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ -‘പ്രമോദ് ഓടിച്ചിരുന്ന കാര്‍ ചെര്‍ക്കള പെട്രോള്‍ പമ്പിനു സമീപത്ത് വച്ച് സ്‌ക്കൂട്ടറില്‍ ഇടിച്ചിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ ആദൂര്‍, കുണ്ടാര്‍, പടിയത്തടുക്കയിലെ ഇബ്രാഹിം ദില്‍ഷാദി (19) നു പരിക്കേറ്റു. ഇയാള്‍ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തിനു ശേഷം കാര്‍ ഓടിച്ചിരുന്ന പ്രമോദ് പ്രകോപിതനാവുകയും സ്ഥലത്തെത്തിയ ആള്‍ക്കൂട്ടത്തിനു നേരെ തിരിയുകയും ചെയ്തു. ഇതിനിടയില്‍ വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ. പ്രദീഷ് കുമാര്‍, എസ് ഐ . ഉമേശ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രമോദ് അക്രമാസക്തനാവുകയും എസ് ഐ പ്രദീഷിന്റെ മുഖത്തും നെഞ്ചിലും ഇടിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചപ്പോള്‍ എസ് ഐ ഉമേശനെയും കയ്യേറ്റം ചെയ്തു. സ്ഥലത്തു നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം മല്‍പ്പിടുത്തത്തിലൂടെ പിടികൂടുകയായിരുന്നു’.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page