പി പി ചെറിയാന്‍
കാലിഫോര്‍ണിയ: ലോസ് ഏഞ്ചല്‍സിലെ ‘നിയമവിരുദ്ധ സൈനികവല്‍ക്കരണം’ തടയണമെന്നാവശ്യപ്പെട്ടു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ടയും സമര്‍പ്പിച്ച അടിയന്തര പ്രമേയം ഫെഡറല്‍ ജഡ്ജി നിരസിച്ചു. അതേസമയം ഗവര്‍ണറുടെ ഫയലിംഗിനോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന യുഎസ് ജില്ലാ ജഡ്ജി ചാള്‍സ് ബ്രെയര്‍ അംഗീകരിച്ചു. വാദം വ്യാഴാഴ്ച നടക്കും.
ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നടപ്പിലാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെഡറല്‍ സൈനികരെ ഉപയോഗിക്കുകയും സംസ്ഥാന നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെ കമാന്‍ഡ് ചെയ്യുകയും ചെയ്തതായി പ്രമേയം ആരോപിച്ചു.
ജൂണ്‍ 09 ന് ലോസ് ഏഞ്ചല്‍സില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്ക് ശേഷം പോലീസുമായുള്ള മൂന്ന് ദിവസത്തെ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സില്‍ പ്രതിഷേധം തുടരുകയാണ്.
ഫെഡറല്‍ ഗവണ്‍മെന്റ് ഇപ്പോള്‍ അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ സൈന്യത്തെ തിരിക്കുകയാണെന്നു ന്യൂസം ആരോപിച്ചു. ”പരിശീലനം ലഭിച്ച യുദ്ധപോരാളികളെ തെരുവുകളിലേക്ക് അയയ്ക്കുന്നത് അഭൂതപൂര്‍വമാണ്, അത് നമ്മുടെ ജനാധിപത്യത്തിന്റെ കാതലിനെ തന്നെ ഭീഷണിപ്പെടുത്തുന്നു. ഡൊണാള്‍ഡ് ട്രംപ് ഒരു പ്രസിഡന്റിനെപ്പോലെയല്ല, ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നത്.”- അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
2,000 കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡ് സൈനികരെ 60 ദിവസത്തേക്ക് ഫെഡറലൈസ് ചെയ്യാനും മേഖലയിലേക്ക് യുഎസ് മറൈന്‍മാരെ വിന്യസിക്കാനും പ്രതിരോധ വകുപ്പിനോട് ട്രംപ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.