വയോധികന്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ ഏഴുമാസത്തിനുളളില്‍ രണ്ടാമതും കവര്‍ച്ച; അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ അരലക്ഷം രൂപ കവര്‍ച്ചചെയ്തു, സി.സി.ടി.വി യുടെ ഡി.വി.ആറും മോഷ്ടിച്ചു, സംഭവം പൈവളിഗെയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെയിലെ വീട്ടില്‍ നിന്നും അരലക്ഷം രൂപയും സി.സി.ടി.വി യുടെ ഡി.വി.ആറും മോഷണം പോയി. കളായി, അജക്കളയിലെ അശോക് കുമാര്‍ ഷെട്ടിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. പരാതിക്കാരന്റെ വയോധികനായ പിതാവ് മാത്രമാണ് വീട്ടില്‍ താമസം. ഇയാള്‍ക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചു കൊടുക്കുന്ന ആളാണ് അടുക്കള ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. വിവരം ബംഗ്‌ളൂരുവിലുള്ള മകന്‍ അശോക് കുമാര്‍ ഷെട്ടിയെ അറിയിക്കുകയായിരുന്നു. മകന്‍ വീട്ടില്‍ എത്തി അലമാര പരിശോധിച്ചപ്പോഴാണ് പണവും മറ്റും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഏഴു മാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് അശോക് കുമാര്‍ ഷെട്ടിയുടെ വീട്ടില്‍ കവര്‍ച്ച നടക്കുന്നത്. അന്ന് പിതാവിനെ പരിചരിക്കാന്‍ നിന്നിരുന്ന കര്‍ണ്ണാടക സ്വദേശി വീട്ടില്‍ നിന്നും സ്വര്‍ണ്ണവും മറ്റുമായി രക്ഷപ്പെട്ടിരുന്നു. പ്രസ്തുത കേസിലെ പ്രതിയായ യുവാവ് ഇപ്പോഴും ജയിലിലാണ്. ഇതിനിടയിലാണ് രണ്ടാമത്തെ കവര്‍ച്ചയും നടന്നത്. മകന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page