കാസര്‍കോട്-കാഞ്ഞങ്ങാട് തീരദേശ പാതയിലെ കോട്ടരുവത്തെ അഗാധ ഗര്‍ത്തം: ഇന്നലെയും അപകടം; സാരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍

കാസര്‍കോട്: ചെമ്മനാട് തീരദേശ പാതയില്‍ അപകടം ഭീതിതമായി തുടരുന്നു. കാസര്‍കോട്-കാഞ്ഞങ്ങാട് പാതയില്‍ മഴക്കു മുമ്പെ രൂപപ്പെട്ടിരുന്ന കുഴികള്‍ മഴ ആരംഭിച്ചതോടെ അഗാധ ഗര്‍ത്തങ്ങളായി മാറിക്കഴിഞ്ഞു. രാത്രിയിലെ മഴയും ഇരുട്ടും കുഴികളില്‍ നിറഞ്ഞു കെട്ടിനില്‍ക്കുന്ന മഴവെള്ളവും മൂലം കുഴിയേത്, വഴിയേത് എന്നറിയാതെ ഇരുചക്രവാഹനക്കാര്‍ കുഴിയില്‍ വീണു യാത്രക്കാര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയാണ്.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കീഴൂരിലെ ബന്ധുവീട്ടില്‍ പോയി ബദിയഡുക്കയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോളിയടുക്കയിലെ അലാവുദ്ദീന്റെ മകന്‍ ടിപ്പു ഹസന്‍ മേല്‍പ്പറമ്പു കോട്ടരുവത്തെ അഗാധകുഴിയില്‍ മറിഞ്ഞു വീണ് സാരമായി പരിക്കേറ്റു. കുഴിയില്‍ വീണു കിടന്ന ഇയാളെ മറ്റു യാത്രക്കാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷപ്പെടുത്തുകയും അതിനിടയില്‍ സ്ഥലത്തെത്തിയ പിതാവിനെ കൂട്ടി ജനറല്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
കോടികള്‍ ചെലവഴിച്ചു ടാര്‍ ചെയ്യുന്ന റോഡുകളിലെ ടാറിംഗിന്റെ ഗുണനിലവാരം വിലയിരുത്താത്തതാണ് റോഡില്‍ വ്യാപകമായുണ്ടായിരുന്ന അപകടകരമായ കുഴികള്‍ക്കും അതിലുണ്ടാവുന്ന അപകടങ്ങള്‍ക്കും കാരണമെന്നു വ്യാപക ആക്ഷേപമുണ്ട്. മരാമത്ത് ജീവനക്കാരുടെ ദൈനംദിന കൃത്യനിര്‍വ്വഹണങ്ങള്‍ വിലയിരുത്താന്‍ ഭയപ്പെടുന്ന സര്‍ക്കാര്‍ സമീപനമാണ് ഇത്തരം ദുരന്തങ്ങള്‍ക്കിടയാക്കുന്നതെന്നും ആക്ഷേപമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page