കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് തൊഴുത്തില്‍ വെള്ളം കയറിയതിനാല്‍ പറമ്പില്‍ കെട്ടിയിട്ടിരുന്ന മൂന്നു പശുക്കളെ മോഷ്ടിച്ചു കടത്തിയതായി പരാതി. കൂഡ്‌ലു, ചൗക്കി, ബദര്‍നഗറിലെ നീലതില്‍ ഹൗസില്‍ അബ്ദുല്‍ ജലീലി(47)ന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് മോഷണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാവിലെയാണ് പശുക്കളെ കാണാതായ വിവരം അറിഞ്ഞതെന്നു അബ്ദുല്‍ ജലീല്‍ പറഞ്ഞു. ക്ഷീരകര്‍ഷകനാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഇയാളുടെ തൊഴുത്തില്‍ വെള്ളം കയറിയിരുന്നു, അതിനാല്‍ വീടിനു സമീപത്തുള്ള ഒരു പറമ്പിലാണ് നാലു പശുക്കളെ കെട്ടിയിരുന്നത്. കറവുള്ള പശുവിനെ ഒരിടത്തും മറ്റു മൂന്നു പശുക്കളെ മറ്റൊരിടത്തുമാണ് കെട്ടിയിരുന്നത്. ഒരിടത്ത് കെട്ടിയ പശുക്കളെയാണ് മോഷ്ടിച്ചു കൊണ്ടു പോയതെന്നു അബ്ദുല്‍ ജലീല്‍ പറഞ്ഞു. സ്ഥലത്തേക്ക് ഏതോ വാഹനം എത്തിയതിന്റെ അടയാളങ്ങള്‍ ഉള്ളതായി അദ്ദേഹം പറഞ്ഞു.
കന്നുകാലി വളര്‍ത്തലിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ജീവിത മാര്‍ഗം. പശുക്കളെ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോയതോടെ വാടക വീട്ടിലുള്ള ജീവിതം വിഷമത്തിലായിരിക്കുകയാണെന്നു കൂട്ടിച്ചേര്‍ത്തു.








