പ്ലസ്‌വണ്‍ പരീക്ഷാ ഫലം പുറത്തു വന്നതിനു പിന്നാലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മന്‍മിത (17)യാണ് മരിച്ചത്. ഗാഡിഗുഡ്ഡ, മൊട്ടക്കുഞ്ചയിലെ ശാന്തപ്പ പൂജാരിയുടെ മകളാണ്. സ്‌കൂളില്‍ പോയ സഹോദരന്‍ ധനുഷ് തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് മന്‍മിതയെ അടുക്കളയില്‍ അട്ടത്തില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് പ്ലസ് വണ്‍ പരീക്ഷാഫലം പുറത്തു വന്നത്. മന്‍മിത ഉള്‍പ്പെടെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ചില വിഷയങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതായിരിക്കുമോ ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ബന്ധുവായ വേദാവതി നല്‍കിയ പരാതി പ്രകാരമാണ് കേസ്. മാതാവ്: ലീലാവതി. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച ദിവസം തന്നെ പെണ്‍കുട്ടി മരണപ്പെട്ട സംഭവം സ്‌കൂളിനെയും നാടിനെയും കണ്ണീരിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page