ഓടെടുത്ത് അകത്തു കടന്ന മോഷ്ടാവ് വൃദ്ധ തനിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നു സ്വര്‍ണ്ണം കവര്‍ന്നു; സംഭവം ബേഡകം, കൊളത്തൂരില്‍

കാസര്‍കോട്: വൃദ്ധ തനിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നു അരപ്പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, നാര്‍ക്കോട്ടെ സരോജിനി (62)യുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കവര്‍ച്ച നടന്നത്. വീടിനു സമീപത്തു വച്ചിരുന്ന ഏണി ഉപയോഗിച്ചു വീടിന്റെ മേല്‍ക്കൂരയില്‍ കയറി ഓടിളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരയിലുണ്ടായിരുന്ന ഒന്നരപ്പവന്‍ തൂക്കമുള്ള പൊട്ടിയ സ്വര്‍ണ്ണവളയില്‍ നിന്നു അരപ്പവന്‍ ആണ് മോഷ്ടാവ് കൈക്കലാക്കിയത്. ഒരു പവന്‍ തൂക്കമുള്ള ഭാഗം താഴെ വീണ നിലയില്‍ കാണപ്പെട്ടു. തുണിത്തരങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. മൂന്നു പെണ്‍മക്കളാണ് സരോജിനിക്കുള്ളത്. ഇവരില്‍ ഒരാള്‍ വീട്ടിനു സമീപത്തു തന്നെയുള്ള മറ്റൊരു വീട്ടിലാണ് താമസം. രാത്രികാലങ്ങളില്‍ മകളുടെ വീട്ടിലാണ് സരോജിനി അന്തിയുറങ്ങാറ്. പതിവുപോലെ തിങ്കളാഴ്ചയും മകളുടെ വീട്ടിലേക്ക് പോയ നേരത്തായിരുന്നു കവര്‍ച്ച. ചൊവ്വാഴ്ച രാവിലെ സരോജിനി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ബേഡകം പൊലീസില്‍ വിവരമറിയിച്ചു.
പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഓടിളക്കിയാണ് മോഷ്ടാവ് അകത്തു കടന്നതെന്നു വ്യക്തമായത്. കവര്‍ച്ചക്കു ശേഷം അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് പുറത്തു കടന്ന മോഷ്ടാവ് വീണ്ടും ഏണി വഴി മേല്‍ക്കൂരയില്‍ കയറി ഓട് പുനഃസ്ഥാപിച്ചാണ് സ്ഥലം വിട്ടതെന്നു സംശയിക്കുന്നതായി പൊലീസ് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page