യഥാ കാമ വധ്യര്‍!

നാരായണന്‍ പേരിയ

വളര്‍ത്തു നായയുടെ കഴുത്തില്‍ കയര്‍ കുരുക്കിട്ട് ബൈക്കിനു പിന്നില്‍ കെട്ടി ഓടിച്ചു പോയി, ഉഡുപ്പി പഡുബിദ്രി സ്വദേശി സുബ്രഹ്‌മണ്യ. തന്റെ പരാക്രമം എല്ലാവരും കാണട്ടെ, ആസ്വദിക്കട്ടെ എന്ന് വെച്ച് (അതിനുള്ള ഉപകരണമാണല്ലോ സാമൂഹിക മാധ്യമം, വീഡിയോ ഇത്യാദി സാങ്കേതിക വിദ്യകള്‍) ചിത്രീകരിച്ച് പങ്കിട്ടു. ഒട്ടേറെ പേര്‍ കണ്ടു, നായയെ ടാറിട്ട റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും കയര്‍ പൊട്ടി അത് റോഡില്‍ വീഴുന്നതും. ഒരു പക്ഷേ, പിന്നാലെ വന്ന വാഹനത്തിന്റെ ടയര്‍ അതിന് മുകളിലൂടെ കയറി അത് ചതഞ്ഞ് അരയുന്നതും മറ്റും.
മൃഗസ്നേഹികളാരോ ഈ ദാരുണ ദൃശ്യം ബൈന്ദൂര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പൊലീസ് സ്വമേധയാ കേസെടുത്തു; സുബ്രഹ്‌മണ്യയെ അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍ നിന്നുള്ള വാര്‍ത്തയില്‍ കണ്ടത് ഇത്രയും. (27.5.2025 മാതൃഭൂമി) തുടര്‍ന്ന് എന്തുണ്ടായി എന്ന് അറിയിക്കാനുള്ള ഉത്തരവാദിത്വം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇല്ലായിരിക്കാം.
വാഹനത്തിന് പിന്നില്‍ കെട്ടിവലിച്ചത് ഒരു ദളിത യുവാവിനെ ആയിരുന്നെങ്കിലോ? ഇക്കാലത്തും അസംഭവ്യം ഒന്നുമല്ലല്ലോ അത്. ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട-സാമൂഹിക മാധ്യമ ദൃശ്യം ശ്രദ്ധയില്‍പ്പെടുന്ന പൊലീസ് കേസെടുക്കും. പിന്നെ… ഇത് കര്‍ണാടക സംസ്ഥാനത്ത്.
നമ്മുടെ സംസ്ഥാനത്ത്, നവോത്ഥാനം പൂത്തുലഞ്ഞ പ്രബുദ്ധ കേരളത്തില്‍ കഴിഞ്ഞദിവസം നടന്നത്! അഗളിയില്‍, ഷിജു എന്ന ആദിവാസി യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദിച്ചവര്‍ തന്നെ സാമൂഹിക മാധ്യമം വഴി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തി. മനസ്സലിവുള്ള ചിലര്‍ അയാളെ അഴിച്ചുവിട്ടു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് അടുത്ത സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കു പോയി. തീരാത്ത ശരീരവേദന കാരണം തിങ്കളാഴ്ച വീണ്ടും ആശുപത്രിയില്‍. ചൊവ്വാഴ്ച വൈകിട്ട് പൊലീസ് കേസെടുത്തു. ആസ്പത്രി അധികൃതരാണത്രെ പൊലീസിലറിയിച്ചത്.
എന്തിനാണ് ഷിജുവിനെ കെട്ടിയിട്ട് തല്ലിച്ചതച്ചത്? കടുത്ത ലഹരിയില്‍ അയാള്‍ അഞ്ചു വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു പോലും. വാഹനം ഉടമയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തു എന്നാണ് അഗളി പൊലീസ് പറയുന്നത്. സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഷിജു ആസ്പത്രിയില്‍ അഡ്മിറ്റ് ആയി എന്നും.
പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു എന്നതില്‍ സംശയമില്ല. വീഡിയോ ദൃശ്യമുണ്ടല്ലോ തെളിവായിട്ട്. ആരാണത് ചിത്രീകരിച്ചത്? മര്‍ദ്ദിച്ചവര്‍ തന്നെ എന്ന് പറയുന്നു. എന്തിന്? സ്വയം കുടുക്കിലാക്കുമോ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും? ആദിവാസിയല്ലേ, കെട്ടിയിട്ട് തല്ലിച്ചതച്ചാലും, നിലത്തിട്ടു ചവിട്ടിത്തേച്ചാലും ആരു പരാതിപ്പെടാന്‍ എന്ന് തോന്നിയോ? ധാര്‍ഷ്ട്യത്തിന്റെ തള്ളലോ? പരാതിപ്പെട്ടു, കേസെടുത്തു. അതിനപ്പുറം? അട്ടപ്പാടി ഊരിലെ മധു എന്ന ചെറുപ്പക്കാരന്റെ ‘ദുരന്ത്യം’ (അതേ ‘ദുരന്ത്യം’ തന്നെ) മറക്കാനായോ? 2018 ഫെബ്രുവരിയിലായിരുന്നു അത്. മധുവിനെ തൂണില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മോഷണക്കുറ്റം ആരോപിച്ച്. മോഷ്ടിച്ചതോ, പൊന്നും പണവുമല്ല, ഭക്ഷണം. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആസ്പത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചു എന്ന് വിശദീകരണം. പ്രതികള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നാണ് ആള്‍ക്കൂട്ടമര്‍ദ്ദനമെന്ന് പുറത്തറിയുന്നത്. പൊലീസിന്റെ കൃത്യവിലോപം, അക്രമികളുമായുള്ള ഒത്തുകളി എന്ന് പറഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നാട്ടുകാര്‍ തന്നെ കള്ളനെന്നു വിളിച്ച് മര്‍ദ്ദിച്ചു എന്ന് മധു പൊലീസിനോട് പറഞ്ഞതായി എഫ്ഐആറില്‍ ഉണ്ടായിരുന്നു പോലും. മര്‍ദ്ദിച്ചവര്‍ തന്നെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ മുന്‍നിരയില്‍. ഇനിയൊരിക്കലും ഇതുപോലൊരു സംഭവം എന്ന് മുഷ്ടിചുരുട്ടി പറഞ്ഞവര്‍…
‘ദളിത് യുവതിക്ക് മാനസിക പീഡനം’. തിരുവനന്തപുരം, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എസ് ഐ പ്രസാദിനെ സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്റ് ചെയ്തു. പ്രാഥമിക അന്വേഷണം നടത്താതെ, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ ‘ബിന്ദു’ എന്ന യുവതിക്കെതിരെ കേസെടുത്തു. നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് പൊലീസ് കമ്മീഷണറുടെ നടപടി. (ഒരാഴ്ച മുമ്പ് നടന്നത്)
യുവതി ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 18 ഗ്രാമിന്റെ മാല കാണാതായി. ബിന്ദു മോഷ്ടിച്ചു എന്ന് ആരോപിച്ച് വീട്ടുടമ ഓമന ഡാനിയല്‍ പൊലീസില്‍ പരാതിപ്പെട്ടു. ‘പൊലീസ് മുറ’ എന്ന പീഡനം തുടര്‍ന്ന്. പിറ്റേന്ന് മാല വീട്ടില്‍ നിന്ന് തന്നെ കിട്ടി. വിവരം പൊലീസില്‍ വിളിച്ചറിയിച്ചു.
ബിന്ദുവാണ് മാല മോഷ്ടിച്ചത് എന്നതിന് യാതൊരു തെളിവും ലഭിക്കാതെ കസ്റ്റഡിയിലെടുക്കുക. എസ്ഐ പ്രസാദ് ‘മാലക്കള്ളി’ എന്ന് വിളിച്ചു പോലും. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയിലെ വെള്ളം കുടിച്ചോളാന്‍ പറഞ്ഞു. ബിന്ദുവിന്റെ പെണ്‍മക്കളെയും കൂട്ടുപ്രതികളാക്കും എന്ന് ഭീഷണിപ്പെടുത്തി. ഭര്‍ത്താവ് സ്റ്റേഷനില്‍ വന്നപ്പോള്‍ കാണാന്‍ അനുവദിച്ചില്ല. ഇങ്ങനെ 20 മണിക്കൂര്‍ നീണ്ട പീഡനം. ബിന്ദു തന്നെയാണ് മാലകട്ടത് എന്നതിന് തെളിവ്: ദളിത സ്ത്രീ എന്നത്!
‘യഥാ കാമ വധ്യന്‍ ശൂദ്രന്‍’ (തോന്നുമ്പോള്‍ കൊല്ലാം ശൂദ്രനെ) എന്നൊരു ആര്‍ഷ വചനം പണ്ടേ ഉണ്ടല്ലോ. അത് തന്നെയോ ഇപ്പോഴും പ്രമാണം?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page