കാസര്‍കോട്: കട്ടത്തടുക്കയിലെ അടിഭാഗം തകര്‍ന്ന വൈദ്യുത തൂണ്‍ അപകടഭീഷണി ഉയര്‍ത്തുന്നു. കോണ്‍ക്രീറ്റ് തൂണിനോട് ചേര്‍ന്ന മരം ആണ് തൂണിനെ താങ്ങി നിര്‍ത്തുന്നത്. നല്ല കാറ്റുവന്നാല്‍ തൂണ്‍പൊട്ടി വീഴുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കട്ടത്തടുക്ക ജംങഷനില്‍ ഏറെ വഴിയാത്രക്കാര്‍ കടന്നു പോകുന്ന വഴിയിലാണ് ഈ കാഴ്ച. ഹൈടെന്‍ഷന്‍ ലൈനുകളാണ് തൂണിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞമാര്‍ച്ചില്‍ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കിസാന്‍സേന നേതാവ് ഷുക്കൂര്‍ കാണാജെ കെഎസ്ഇബി സെക്ഷന്‍ അസി.എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിഹാരമുണ്ടാവാത്തതിനാല്‍ വൈദ്യുതി വകുപ്പിന്റെ ഹെല്‍പ് ലൈനിലും പരാതി നല്‍കിയിരുന്നു. എന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
