ഗുരോ, പൊറുക്കണം!

‘അക്കാലത്ത് ലോകത്തെങ്ങുമുള്ള ആളുകള്‍ പേരെഴുതിക്കണം’ എന്ന് ഔഗസ്തസ് സീസര്‍ കല്‍പ്പന പുറപ്പെടുവിച്ചു. കുറേന്യാസ് സിറിയയിലെ ദേശാധികാരി ആയിരിക്കെയാണ് ഒന്നാമത്തെ പേരെഴുത്ത് നടന്നത്: എല്ലാവരും തങ്ങളുടെ സ്വന്തം ദേശത്ത് പോയി പേരെഴുതിക്കേണ്ടതാണ്. (ബൈബിള്‍ പുതിയ നിയമം-ലൂക്കോസിന്റെ സുവിശേഷം. രണ്ടാം അധ്യായം.) ‘പേരെഴുത്ത്’-അതാണ് ഇംഗ്ലീഷിലെ സെന്‍സസ്. 10 വര്‍ഷം കൂടുമ്പോള്‍ പേരെഴുതിക്കുക എന്നതാണ് ഇന്ത്യയിലെ ക്രമം. കണക്കെടുപ്പുകാരന്‍ (സെന്‍സസ് വളണ്ടിയര്‍) വീട് തോറും സന്ദര്‍ശിച്ച് പേര് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പട്ടികയില്‍ രേഖപ്പെടുത്തും. അത് ഇനം തിരിച്ച് ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കും. അതാണ് സെന്‍സസ് റിപ്പോര്‍ട്ട്. പേരിനു പുറമേ എന്തൊക്കെ വേണമെന്ന് അതാത് കാലത്ത് സര്‍ക്കാര്‍ തീരുമാനിക്കും. സെന്‍സസ് കേന്ദ്ര വിഷയമാണ്.
1881ലാണ് ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് നടത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത്. ഡബ്ല്യു സി പ്ലോഡന്‍ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ് കമ്മീഷണര്‍. സ്വതന്ത്ര ഇന്ത്യയിലെ ഒന്നാമത്തെ സെന്‍സസ് 1951ല്‍ ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലേതില്‍ നിന്ന് ഒരു വ്യത്യാസത്തോടെയാണ് അത് നടപ്പാക്കിയത്. മുമ്പ് ജാതിക്കണക്കും എടുത്തിരുന്നു- 1881 മുതല്‍ തന്നെ. എന്നാല്‍ പണ്ഡിറ്റ് ജഹവര്‍ലാല്‍ നെഹ്റു അത് വേണ്ടെന്നുവച്ചു. ഭരണഘടന ശില്പി ഡോ. അംബേദ്കറുടെ നിലപാട് എന്തായിരുന്നു എന്നറിയില്ല. 2001 വരെ ഈ രീതിയില്‍ തുടര്‍ന്നു- ജാതി കണക്ക് വേണ്ട എന്ന്.
എന്നാല്‍, 2011ല്‍ പഴയ രീതി തിരിച്ചുവന്നു-ജനസംഖ്യ കണക്കിനൊപ്പം ജാതിക്കണക്കും എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ അത്തവണ ഒരു വക സെന്‍സസും നടന്നില്ല-കാരണം കോവിഡ് മഹാമാരി.
ജാതി സെന്‍സസ്-തങ്ങളുടെ സുചിന്തിത തീരുമാനം എന്ന് ബിജെപിയുടെ അവകാശവാദം. അല്ല, കോണ്‍ഗ്രസാണ് ആദ്യം പറഞ്ഞത് എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ബിജെപി മുട്ടുകുത്തി വഴങ്ങി എന്ന് വീരസ്യം പറച്ചില്‍. ഭരണഘടന അനുശാസിച്ചിട്ടുള്ളതാണ് ജാതി സെന്‍സസ്. അത് നടപ്പാക്കുക തന്നെ വേണം എന്ന് കോണ്‍ഗ്രസ് പറയുന്നു. ഇക്കാര്യം നാട്ടിലെങ്ങും അറിയിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുമായി സംവിധാന്‍ ബച്ചാവോ റാലി നടത്തണം, ജാതി സെന്‍സസിന്റെ പ്രാധാന്യം വിശദീകരിക്കണം എന്ന് എഐസിസി ജനറല്‍ സെക്രട്ടറി, പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജാതിക്കണക്കെടുത്താല്‍ മാത്രം പോരാ, അതിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കുകയും വേണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ സര്‍വീസുകളിലെന്നപോലെ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലും സ്‌കൂള്‍ കോളേജ് എന്നിവയിലടക്കം സംവരണമേര്‍പ്പെടുത്തണം. നടക്കുന്ന കാര്യമാണോ അത്? പ്രത്യേകിച്ചും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്ന് അറിയപ്പെടുന്നവയില്‍. എന്താണ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍? മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്? അതിന്റെ നിര്‍വചനത്തില്‍ തന്നെയുണ്ട് അവ്യക്തത. പലവട്ടം അത്യുന്നത ന്യായാസനം പരിശോധിച്ചിട്ടുണ്ട് ആ വിഷയം. തര്‍ക്കം തീര്‍ന്നിട്ടുണ്ട് എന്ന് ഇപ്പോഴും ഉറപ്പിച്ചു പറയാറായിട്ടില്ല.
മറ്റൊരു പ്രശ്നം: ന്യൂനപക്ഷ സമുദായങ്ങള്‍ എന്ന് അവകാശപ്പെടുന്നവരുടെ സ്ഥാപനങ്ങളുടെ പരിധിക്കുള്ളില്‍ ഒതുങ്ങി കൊള്ളണം ന്യൂനപക്ഷ സമുദായക്കാര്‍ എന്ന് പറഞ്ഞാല്‍ അവര്‍ അനുവദിക്കുമോ? അവര്‍ക്ക് ഇത് സമ്മതമാകുമോ?
ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ ഇപ്പോള്‍ അവര്‍ക്കായി നീക്കി വെച്ചിട്ടുള്ളതെല്ലാം കൈവശപ്പെടുത്തിയിട്ടുള്ളത് ചില പ്രബല വിഭാഗങ്ങളില്‍ പെട്ടവരാണ്. പുറത്തു നില്‍ക്കുന്ന ഗണ്യമായ വിഭാഗത്തിന് ഒന്നുമില്ല എന്നാണ് നിലവിലുള്ള അവസ്ഥ.
ജാതിക്കണക്കെടുപ്പിലെ ഒരു പ്രായോഗിക പ്രശ്നം: ഒരാളുടെ പേര് ചോദിച്ചറിയാം; ജാതിയോ? അതും ചോദിച്ചറിയണം. പക്ഷേ, ജാതി ചോദിക്കാന്‍ പാടുണ്ടോ? ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കുക പോലും അരുത് എന്നല്ലേ ശ്രീനാരായണഗുരു സ്വാമികളുടെ ഉപദേശം.
പേര്, ഊര്, തൊഴില്‍ ഈ മൂന്നും അല്ലാതെ അതിനപ്പുറത്തേക്ക് ഒന്നും ചോദിക്കാന്‍ പാടില്ല, എന്നും ഗുരു കല്‍പ്പിച്ചു.
ജാതി-ഹാ! നരകത്തില്‍ നിന്ന് പൊന്തിയ ശബ്ദം, പാര്‍ തിന്നും പിശാചിന്റെ ഏട്ടിലെ രണ്ടക്ഷരം! (മഹാകവി വള്ളത്തോള്‍) പിശാചിന്റെ ഏട്ടിലെ രണ്ടക്ഷരം പറയാനാണ് ആവശ്യപ്പെടുന്നത്!
കണക്കെടുപ്പുകാര്‍ വരുന്നു; ഗുരോ, പൊറുക്കണം!

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page