കോണ്‍ഗ്രസ് മുറുകി; അന്‍വര്‍ അയഞ്ഞു; ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഇന്നു തന്നെ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ കെപിസിസി പരിഗണിക്കുന്നു. തിങ്കളാഴ്ച ചേര്‍ന്ന കെപിസിസി നിര്‍വാഹകസമിതി യോഗം ആര്യാടന്‍ ഷൗക്കത്തിന്റെ പേര് മാത്രമേ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിച്ചിട്ടുള്ളൂവെന്നാണ് അവസാന വിവരം. ഇക്കാര്യം ഇന്നുതന്നെ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിക്കും. ഹൈക്കമാന്റാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. കോണ്‍ഗ്രസിന്റെ ഈ നിലപാടില്‍ പിവി അന്‍വറിന് കനത്ത ആഘാതമായിരിക്കുകയാണ്. ഇന്നു രാവിലെ വരെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത് ആരെയായാലും താന്‍ പിന്തുണക്കുമെന്ന് അന്‍വര്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തന്നെ തീരുമാനിക്കുമെന്ന് കെപിസിസി ധൈര്യപൂര്‍വം പ്രഖ്യാപിക്കുകയായിരുന്നു. അന്‍വറിന് പഴയനിലപാടിലേക്ക് തിരിയേണ്ടിവരുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതാകട്ടെ അന്‍വറിന്റെ കടുംപിടുത്തം ഇനി വിലപ്പോവില്ലെന്ന് സ്ഥിതിയും ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള ഉറച്ച നിലപാട് അന്‍വറിന്റെ വിലപേശല്‍ രാഷ്ട്രീയത്തിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. അന്‍വര്‍ ഒറ്റയ്ക്ക് മല്‍സരിക്കുമോയെന്ന് സംശയവും ഉടലെടുത്തിട്ടുണ്ട്. അതേസമയം പാര്‍ടിയുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് ജോയി പ്രസ്താവിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page