ദളിത് യുവതിയെ മോഷണക്കുറ്റം ചുമത്തി മാനസികമായി പീഡിപ്പിച്ചെന്ന പരാതി; പേരൂര്‍ക്കട എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ആരോപണ വിധേയരായ പൊലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും മൊഴി രേഖപ്പെടുത്തും. സ്വര്‍ണമാല മോഷ്ടിച്ചു എന്ന പരാതിയില്‍, ബിന്ദു എന്ന ദളിത് യുവതിയെ സ്റ്റേഷനില്‍വെച്ച് മണിക്കൂറുകളോളം നീണ്ട മാനസിക പീഡനത്തിനിരയാക്കിയതായാണ് ആരോപണം. കഴിഞ്ഞമാസം 23-നായിരുന്നു സംഭവം. വീട്ടുജോലിചെയ്ത് ഉപജീവനം നടത്തുന്ന തിരുവനന്തപുരം പനവൂര്‍ സ്വദേശി ആര്‍. ബിന്ദു (39)വിനാണ് പോലീസിന്റെ ഭാഗത്തുനിന്ന് ദുരനുഭവം നേരിടേണ്ടിവന്നത്. സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് അമ്പലമുക്ക് സ്വദേശികളായ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറോളം ചോദ്യംചെയ്തു. ഒടുവില്‍, മോഷ്ടിക്കപ്പെട്ടെന്ന് പറഞ്ഞിരുന്ന, 18 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാല പരാതിക്കാരായ ഗള്‍ഫുകാരുടെ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. ഇക്കാര്യം ബിന്ദുവിനെ അറിയിക്കുകപോലും ചെയ്യാതെ സ്റ്റേഷനില്‍നിന്ന് പറഞ്ഞുവിട്ടെന്നാണ് പരാതി. എന്നാല്‍, എഫ്ഐആര്‍ റദ്ദാക്കാതെ പൊലീസ് തുടര്‍ നിയമനടപടിയുമായി മുന്നോട്ടുപോയതോടെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പട്ടികജാതി കമ്മിഷനും ബിന്ദു പരാതി നല്‍കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page