മെസ്സിയും അര്‍ജന്റീന ടീമും വരുമെന്നാണ് പ്രതീക്ഷ; പൂര്‍ണ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി കായിക മന്ത്രി വി.അബ്ദുറഹിമാന്‍.
ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്പോണ്‍സര്‍ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കേരളത്തിലെത്തുമെന്ന് അറിയിച്ച സമയത്ത് അര്‍ജന്റീന ടീം കളിക്കാന്‍ പോകുന്നത് ചൈനയിലേക്കാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്നത് സംബന്ധിച്ച് അനിശ്ചിതാവസ്ഥയുണ്ടായത്. എന്നാല്‍ അര്‍ജന്റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസ്സിയും കേരളത്തില്‍ വരുന്നില്ലെങ്കില്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഇല്ലെന്നു മന്ത്രി അറിയിച്ചു. പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കാണ്. സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ പണം ഉണ്ടായിരുന്നെങ്കില്‍ ഈ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാത്ത് നില്‍ക്കില്ലായിരുന്നുവെന്നും അതുപയോഗിച്ച് കൊണ്ടുവരുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡിയാണ് മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്നും വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ല. ഇത്രയും തുക മുടക്കി അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ സര്‍ക്കാരിനാകില്ലെന്നും കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്പോണ്‍സര്‍ഷിപ് അവരുടെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ കൊടുത്തതാണ്. അവരാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം അര്‍ജന്റീനിയന്‍ ടീം പിന്മാറിയതില്‍ സ്‌പോണ്‍സര്‍മാരോട് കായിക വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മെസ്സിയുടേയും സംഘത്തിന്റേയും വരവ് അനിശ്ചിതത്തില്‍ ആക്കിയത് സ്‌പോണ്‍സര്‍മാര്‍ ആണെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തല്‍. ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്‌പോണ്‍സര്‍മാരുടെ വാഗ്ദാനം. നിശ്ചിത സമയത്തും സ്‌പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്ന് കായിക വകുപ്പ് പറയുന്നു. വിശദീകരണം തേടി കായിക വകുപ്പ് സ്‌പോണ്‍സര്‍മാര്‍ക്ക് കത്തയക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page