ആണ്‍സുഹൃത്തുമായുള്ള വിഡിയോ കോള്‍ തടസപ്പെടുത്തി; 10 വയസുകാരനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച പള്ളിക്കര കീക്കാനം സ്വദേശിയായ മാതാവിനെതിരെ കേസ്

കാസര്‍കോട്: ഫോണില്‍ ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത 10 വയസ്സുകാരനായ മകന്റെ ദേഹത്ത് ചായപ്പാത്രം കൊണ്ട് പൊള്ളിച്ചതായുള്ള പരാതിയില്‍ മാതാവിനെതിരെ കേസെടുത്ത് പൊലീസ്. കാസര്‍കോട് പള്ളിക്കര കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ബിഎന്‍എസ് 118(1), ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് 75 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുട്ടിയെ പൊള്ളിച്ചതിന് ശേഷം യുവതിയെ കാണാതായെന്നും പരാതിയുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും കേസെടുത്തിട്ടുണ്ട്. സ്‌കൂളില്‍ സഹപാഠിയായിരുന്ന കള്ളാര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായി യുവതി വിഡിയോ കോള്‍ ചെയ്യുന്നതും ഫോണില്‍ സംസാരിക്കന്നതും പതിവായിരുന്നു. ഇത് നിര്‍ത്താന്‍ മകന്‍ മാതാവിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരം പിതാവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതില്‍ നിന്ന് പിന്മാറിയില്ല. തുടര്‍ന്നു 10 വയസുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയില്‍ പറയുന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറില്‍ പൊള്ളലേല്‍പിക്കുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ മാസം 28 നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം യുവതി 2 മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. ഇതോടെയാണ് മകനോട് കാട്ടിയ ക്രൂരത പുറത്തുവന്നത്. ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page