ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈനിക പ്രമുഖര്‍: ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ ഉന്നത പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടെയും പ്രമുഖരുടെയും ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു. ഇതോടെ ഭീകരരുമായി ബന്ധമില്ലെന്നും പാക്കിസ്ഥാനില്‍ ഭീകരത്താവളങ്ങളില്ലെന്നുമുള്ള പാക്കിസ്ഥാന്റെ പ്രഖ്യാപനങ്ങള്‍ കാപട്യമായിരുന്നെന്നു ലോകത്തിനു തെളിഞ്ഞു.


ഓപ്പറേഷന്‍ സിന്ദൂറിന്റെ നിയന്ത്രണത്തില്‍ ഇന്ത്യന്‍ സേന മുരിദ് കെയിലെ ലഷ്‌കര്‍ ഇ തൈ്വബയുടെ മര്‍കസ് തായിബ, ബഹാവല്‍പൂരിലെ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ മര്‍കസ് സുബഹാന്‍ അല്ലാഹ്, സിയാല്‍കോട്ടിലെ ഹിസ്ബുള്‍ മുജഹിദ്ദീന്റെ മെഹ്‌മൂന ജോയ ഫെസിലിറ്റി എന്നിവയുള്‍പ്പെടെ ഒമ്പതു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ മുരിദ്‌കെയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ സംസ്‌കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത് ലഷ്‌കര്‍ ഇ തൈ്വബ കമാന്‍ഡര്‍ അബ്ദുല്‍ റൗഫായിരുന്നു. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് ഇയാള്‍. പാക്കിസ്ഥാന്‍ സേനയുടെ ലഫ്ടനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍ഷാ, മേജര്‍ ജനറല്‍ റാവു ഇമ്രാന്‍ സര്‍താജ്, ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍ ഷബീര്‍ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രവും ഇന്ത്യ പുറത്തു വിട്ടിട്ടുണ്ട്. ചിത്രം പാക്കിസ്ഥാന്‍ സൈന്യവും ഭീകരരുമായുള്ള ബന്ധം വ്യക്തമായും വെളിപ്പെടുത്തുന്നു. പാക്കിസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉസ്മാന്‍ അന്‍വറും രാഷ്ട്രീയക്കാരനായ മാലിക് സൊഹൈബ് അഹമ്മദും കൊല്ലപ്പെട്ട ഭീകരര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രവും ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാരം. തീവ്രവാദികളുടെ ശവപ്പെട്ടിയില്‍ പാക്കിസ്ഥാന്‍ പതാക പുതപ്പിച്ചിരുന്നു. ഇതു ഭീകരരുമായുള്ള പാക്കിസ്ഥാന്റെ ഐക്യദാര്‍ഢ്യം വെളിപ്പെടുത്തുന്നു. ഇതോടൊപ്പം ഭീകര സംഘടന തലവന്മാരായ അബു ആകാശ എന്ന ഖാലിദ്, മുദസ്സര്‍, അബു ജൂന്‍ഡാല്‍, എന്നി പേരുകളില്‍ അറിയപ്പെട്ടിരുന്ന മുദസര്‍ ഖാദികാന്‍ ഖാസ്, യൂസഫ് അസ്ഹര്‍, അബ്ദുല്‍ മാലിക് റൗഫ്, മുദാസിന്‍ അഹമ്മദ് എന്നിവരുടെ ചിത്രങ്ങളും ഇന്ത്യ പുറത്തുവിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page