മരിച്ചു പോയ മകന്റെ കാമുകിയെ 86കാരന്‍ വിവാഹം കഴിച്ചു; ഉടക്കുമായി ആദ്യ ഭാര്യയിലെ മകള്‍ രംഗത്ത്

ബെയ്ജിംഗ്: 86 കാരന്‍, മരിച്ചുപോയ മകന്റെ കാമുകിയെ വിവാഹം കഴിച്ചു.
ചൈനയിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. വാര്‍ധക്യകാലത്ത് വൃദ്ധസദനത്തിലെ ജീവിതം ഒഴിവാക്കാനും സമാധാനപരമായ സാധാരണ ജീവിതം ഉറപ്പാക്കാനുമാണ് വയസ്സുകാലത്തെ കല്യാണമെന്നു 86കാരനായ അങ്കിള്‍ ബിയാവോ അവകാശപ്പെട്ടു. എന്നാല്‍ ഇതു കുടുംബത്തിന്റെ സമാധാനം തകര്‍ക്കാനാണെന്നും അതു കൊണ്ട് കല്യാണച്ചടങ്ങില്‍ താന്‍ പങ്കെടുത്തില്ലെന്നും അങ്കിള്‍ ബിയാവോയുടെ മകള്‍ പറഞ്ഞു. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ ഇത് ഉത്സവമായിരിക്കുകയാണ്. വാര്‍ധക്യ കല്യാണവും അതുണ്ടാക്കിയേക്കാവുന്ന കുടുംബകലഹവും ഉള്ളടക്കമാക്കി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പറക്കുകയാണെന്നു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എടുത്തു കാട്ടുന്നു.
മരിച്ചു പോയ മകന്റെ കാമുകിയായ വാങ് എന്ന 53കാരി 86കാരനായ പിതാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നതു പിതാവിന്റെ സ്വത്ത് തട്ടിയെടുക്കാനാണെന്നാണ് അങ്കില്‍ ബിയാവോയുടെ ആദ്യ ഭാര്യയിലെ മകള്‍ പറയുന്നത്. കരള്‍ രോഗിയായിരുന്ന മകന്‍ മരിച്ച് ഒരു മാസം കഴിയും മുമ്പ് 86കാരനായ പിതാവിനെ കല്യാണം കഴിക്കാന്‍ അദ്ദേഹത്തേക്കാള്‍ 33 വയസ്സു പ്രായക്കുറവുള്ള വാങ് സന്നദ്ധയായതിനു പിന്നിലുള്ള പ്രേമം, പണത്തോടും സ്വത്തിനോടുമുള്ള ആര്‍ത്തി തന്നെയാണെന്നാണ് മകളുടെ നിഗമനം. ഇതു കണക്കു കൂട്ടിയാണ് കരള്‍ രോഗിയായ സഹോദരനുമായി പ്രേമം നടിച്ചതെന്നും അയാള്‍ മരിക്കുന്നതിനു മുമ്പ് അയാളോടൊപ്പം വാങ് അങ്കിള്‍ ബിയോവോയുടെ വീട്ടില്‍ താമസമാക്കിയതെന്നും വൃദ്ധന്റെ മകള്‍ പറയുന്നു.
പിതാവ് വൃദ്ധനും സഹോദരന്‍ രോഗിയുമായതിനെതുടര്‍ന്ന് അങ്കിള്‍ ബിയോവോയുടെ മകള്‍ ക്വീന്‍ തന്റെ പിതാവിനെ ദൂരെയുള്ള വൃദ്ധസദനത്തില്‍ പാര്‍പ്പിക്കാനും വീട് പാട്ടത്തിനു നല്‍കാനും തീരുമാനിച്ചിരുന്നു. അതിനു ശേഷമാണ് മകന്റെ കാമുകി മകനൊപ്പം വീട്ടില്‍ താമസമാരംഭിക്കുകയും അയാളുടെ മരണത്തിനു ശേഷം പിതാവിന്റെ രക്ഷകയായി അവതരിച്ചതെന്നുമാണ് മകളുടെ പരാതി. വൃദ്ധനെ വൃദ്ധസദനത്തിലേക്കയക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നു വാങ് പ്രഖ്യാപിച്ചു. സന്തോഷപൂര്‍വ്വം 86കാരനായ പിതാവിനെ വിവാഹം കഴിച്ചു വീട്ടില്‍ പൊറുതിയാരംഭിക്കുകയും ചെയ്തു. ഇത് വൃദ്ധന്റെ മകള്‍ ക്വീനിനെ പ്രകോപിപ്പിച്ചു, പിതാവിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള മോഹമാണ് വാര്‍ധക്യകല്യാണത്തിനു പിന്നിലുള്ളതെന്നു അവര്‍ ആവര്‍ത്തിച്ചു. കല്യാണത്തില്‍ പ്രതിഷേധിച്ച് പിതാവിന്റെ മുറിയുടെ വാതില്‍ പല തവണ പൊളിച്ചു. വൈദ്യുതി വിച്ഛേദിച്ചു. സമാധാന ജീവിതത്തിന് ഇറങ്ങിത്തിരിച്ച വൃദ്ധന്റെ അവശേഷിച്ച കാലത്തു പ്രകോപനം കോരിയിട്ടു.
ഗ്വാങ്ങ്‌ടോംഗ് പ്രവശ്യയിലെ ഫോഷനിലാണ് അങ്കിള്‍ ബിയാവോ താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യഭാര്യ 2022ല്‍ മരണപ്പെട്ടിരുന്നു. വൃദ്ധന്റെ വീട് അദ്ദേഹത്തിന്റെ മരിച്ചുപോയ ഭാര്യയുടെ പേരിലാണ്. ഇനി വീടും സ്വത്തും വൃദ്ധന്റെ പേരിലാക്കണമെങ്കില്‍ മകളുടെ സമ്മതം കൂടിയേ തീരു.
പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും തന്നെ പരിചരിക്കുന്ന മകന്റെ കാമുകിയായിരുന്ന തന്റെ രണ്ടാംഭാര്യ പണമൊന്നുമാവശ്യപ്പെടുന്നില്ലെന്ന് അങ്കിള്‍ ബിയാവോ പറഞ്ഞു. അവള്‍ തന്നെ നന്നായി പരിചരിക്കുന്നു. യഥാര്‍ത്ഥ സ്‌നേഹം എന്താണെന്നു താനിപ്പോള്‍ അറിയുന്നുണ്ടെന്നും അങ്കിള്‍ അനുസ്മരിച്ചു. തന്നെ നന്നായി പരിചരിക്കുന്നവര്‍ക്കു തന്റെ സ്വത്തിന്റെ അനന്തരാവകാശം വിട്ടുകൊടുക്കുമെന്ന് അദ്ദേഹം പറയുന്നു.
സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് വൃദ്ധ വിവാഹത്തിനു വലിയ വാര്‍ത്താ പ്രാധാന്യമുണ്ടായത്. കുടുംബകലഹം തീര്‍ക്കാന്‍ പ്രാദേശിക കമ്മിറ്റിയും വനിതാ ഫെഡറേഷനും പൊലീസും ഇടപെട്ടു. പക്ഷെ പിടിച്ച പിടിയില്‍ നില്‍ക്കുന്ന മകള്‍ ക്വീനിനെ പിന്തിരിപ്പിക്കാന്‍ എല്ലാവരും പരാജയപ്പെടുകയായിരുന്നു.
ഒടുവില്‍ ഗ്വാങ്‌ഡോങ്ങിലെ ബവോഹുയി നിയമസ്ഥാപന ഉപദേഷ്ടാവായ ലിന്‍ കുന്‍ബാവേ ഒരു നിര്‍ദ്ദേശം പ്രകടിപ്പിച്ചിരിക്കുകയാണ്. മക്കളില്‍ നിന്ന് സ്‌നേഹവും പരിചരണവും ലഭിക്കാതെ വരുമ്പോള്‍ വൃദ്ധര്‍ പരിചാരകരെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവും. അങ്കിള്‍ ബിയോവോയുടെ ഭാര്യ വാങ്ങിന് അദ്ദേഹത്തിന്റെ സ്വത്തിന് അനന്തരാവകാശമുണ്ട്. വൃദ്ധന്റെ രണ്ടാംഭാര്യയും മരിച്ചു പോയ മകന്റെ കാമുകിയുമായ വാങ്, അങ്കില്‍ ബിയാവോയെ പരിചരിക്കാനും സ്‌നേഹിക്കാനും ബാധ്യസ്ഥതയുമായിരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page