ദേശീയപാത നിര്‍മ്മാണം: ചൂട് അസഹീയം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യം

കുമ്പള: തണല്‍ മരങ്ങള്‍ ഒന്നുമില്ലാത്ത ദേശീയപാതയില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഉടന്‍ നിര്‍മ്മിക്കണമെന്ന് ആവശ്യമുയര്‍ന്നു. പൊള്ളുന്ന വെയിലിലാണ് യാത്രക്കാര്‍ ഇപ്പോള്‍ ബസ് കാത്തു നില്‍ക്കുന്നത്.
ദേശീയപാതയില്‍ സര്‍വീസ് റോഡുകളുടെ പ്രവൃത്തി പലയിടത്തും പാതിവഴിയിലാണ്. അതുകൊണ്ടുതന്നെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തിലാണ്. 2025 മാര്‍ച്ച് മാസത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവുമെന്ന് നേരത്തെ യുഎല്‍സിസി പറഞ്ഞിരുന്നു. ദേശീയപാത നിര്‍മ്മാണത്തില്‍ തന്നെ 15 ശതമാനം ജോലികള്‍ ബാക്കിനില്‍ക്കെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, നടപ്പാത, സര്‍വീസ് റോഡ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും വൈകുമെന്ന് അറിയുന്നു.
ചൂട് അസഹ്യമായതിനാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. ഉച്ചസമയത്തൊക്കെ ബസ് കാത്തുനില്‍ക്കുന്ന പ്രായമായവര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും സൂര്യാഘാതം മൂലം ബോധക്ഷയം ഉണ്ടാകുന്നതായും, പൊള്ളലേല്‍ക്കുന്നതായും പരാതിയുണ്ട്. ചൂട് ഏല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അത് പ്രാവര്‍ത്തികമായി നടപ്പിലാക്കാന്‍ പരിമിതികളുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മ്മിപ്പിക്കുന്നു. തൊഴില്‍ എടുക്കുന്നവര്‍ക്കുള്ള സമയക്രമം പോലും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
അതിനിടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയോരങ്ങളില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്ന അധികൃതരുടെ വാദവും പൊളിയുകയാണ്. സര്‍വീസ് റോഡിന് അരികെ എവിടെയും ഇതിനായി സ്ഥലസൗകര്യമില്ല. സര്‍വീസ് റോഡിന് സമീപം നിര്‍മ്മിക്കുന്ന നടപ്പാതയ്ക്ക് പോലും പലയിടങ്ങളിലും സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നതുമാണ്. ഇപ്പോഴത്തെ സ്ഥലമില്ലായ്മ ഇതു ശരിവയ്ക്കുന്നു.
മെയ് പകുതി ആകുമ്പോഴേക്കും മഴക്കാലമെത്തും. ജൂണില്‍ സ്‌കൂളുകളും തുറക്കും. പിന്നെ മഴ നനഞ്ഞു വേണം ബസ് കാത്തുനില്‍ക്കാന്‍. ഇത് ബസ് യാത്രക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വലിയ ദുരിതത്തിന് കാരണമാവും. അതുകൊണ്ടുതന്നെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ സ്ഥാപിക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവര്‍ത്തിച്ചാവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page