കാസര്‍കോട്: സമസ്ത മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡണ്ടും ദക്ഷിണ കന്നഡ , ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് ജില്ലയിലെ കീഴൂരിലെയും സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി അസ്ഹരി അന്തരിച്ചു. 78 വയസായിരുന്നു. തളങ്കര ഖാസിലൈന്‍ സ്വദേശിയാണ്. മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വ) രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം വൈകുന്നേരം നാലുമുതല്‍ തളങ്കര ഖാസിലൈനിലെ ഖാസിയാരകം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ കാംപസില്‍ നടക്കും. നിലവില്‍ ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് കൂടിയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് കീഴൂര്‍ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ ഇരുന്നൂരില്‍പരം മഹല്ലുകളുടെ ഖാസിയാണ്. മംഗളൂരു ബന്തര്‍ ജലാലുദീന്‍ മുഹമ്മദ് മൗല ഹിഫല്‍ല്‍ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍, ദക്ഷിണ കന്നഡ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ലക്ഷദ്വീപിലെ പ്രശസ്തമായ ഖാസി കുടുംബത്തില്‍ ജനിച്ച അദ്ദേഹം, മംഗലാപുരത്തെ മുന്‍ ഖാസിയായിരുന്ന അബ്ദുല്ല ഹാജിയുടെ പൗത്രപുത്രനാണ്. മുഹമ്മദ് കുഞ്ഞി ഹാജിയും ആയിഷയും ആണ് മാതാപിതാക്കള്‍. 1948 ഏപ്രില്‍ 8നാണ് ജനനം. തളങ്കര റൗളത്തുല്‍ ഉലും മദ്‌റസ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
പൊന്നാനി, കൊടുങ്ങല്ലൂര്‍, ദാറുല്‍ ഉലും ദെയുബന്ദ്, അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റി കൈറോ (ഈജിപ്ത്) എന്നിവിടങ്ങളില്‍ നിന്ന് തുടര്‍വിദ്യാഭ്യാസം നേടി. ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദയൂബന്തില്‍ നിന്ന് ഹദീസിലും അദബിലും മാഖൂലാത്തിലും തഹ്സീറിലും മതബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കോട്ടയം തിരുനക്കര പുത്തന്‍പള്ളിയില്‍ മുദരിസും ഖത്തീബുമായി ദീനി രംഗത്ത് സേവനം ആരംഭിച്ചു. മുന്‍ ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദാരുണമായ വിയോഗത്തെ തുടര്‍ന്നാണ് ത്വാഖാ അഹമ്മദ് മൗലവി മംഗലാപുരം ഖാസിയായി ചുമതലയേറ്റത്. 2013 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡണ്ടായി. ടി.കെ.എം. ബാവ മുസ്ല്യാര്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ത്വാഖ അഹ്‌മദ് മൗലവിയെ തെരഞ്ഞെടുത്തത്. മലയാളത്തിലും ഉര്‍ദുവിലും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാര്യ: കെ. റഹ്‌മത്തുന്നിസ. മക്കള്‍: മുഹമ്മദ് (വെല്‍ഫിറ്റ്, അജ്മാന്‍), ഹുസൈന്‍ റഹ്‌മാനി (സദര്‍ മുദരിസ്, കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍), അബൂബക്കര്‍ സിദ്ദീഖ് ഹുദവി (വിദ്യാര്‍ഥി, ജാമിഉല്‍ അസ്ഹര്‍, ഈജ്പ്ത്), ഫാത്തിമ, ആയിഷ (അബൂദബി). മരുമക്കള്‍: എം. ഖലീലുല്‍ റഹ്‌മാന്‍ ദാരിമി (ഖത്തീബ്, ഉപ്പള കുന്നില്‍ ജുമാമസ്ജിദ്), ഫൈസല്‍ (അബൂദബി), തൗഫീറ, സിദ്ദീഖ (കാശിപട്ടണം). സഹോദരങ്ങള്‍: അബ്ദുല്ല സഅദി, യൂസഫ് ബാഖവി, അബ്ദുല്‍ഖാദര്‍ സഅദി, ഖദീജ, ആമിന, ഹലീമ, നജ്മുന്നിസ.








