കാസർകോട്: ഇന്ന് (തിങ്കൾ ) വൈകുന്നേരം കാസർകോട്, വിദ്യാനഗർ , നായന്മാർ മൂലയിലും കുമ്പള, ഷിറിയയിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.ഒരാളെ അതീവ ഗുരുതര നിലയിൽ മംഗളൂരുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തിങ്കളാഴ്ച വൈകുന്നേരം കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ഷിറിയ പാലത്തിനടുത്ത് ഉണ്ടായ സ്കൂട്ടർ അപകടത്തിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദുമ, പാക്യാര സ്വദേശി പ്രജീഷ് (26) ആണ് മരണപ്പെട്ടത്. സുഹൃത്ത് അമീ (25) നെ ഗുരുതര നിലയിൽ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇരുവരും സ്കൂട്ടറിൽ മംഗ്ളൂരു ഭാഗത്തുനിന്ന് കാസർകോട്ടേക്ക് വരികയായിരുന്നു. ഷിറിയ പാലത്തിന് സമീപത്ത് എത്തിയപ്പോൾ നിയന്ത്രണം തെറ്റിയ സ്കൂട്ടർ റോഡരികിലെ രക്ഷാ ഭിത്തിയിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമീനെ ബന്തിയോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മംഗ്ളൂരുവിലേയ്ക്ക് മാറ്റിയത്. മറ്റൊരു അപകടത്തിൽ കാസർകോട്, വിദ്യാനഗർ, നായന്മാർമൂലയിൽ ഉണ്ടായ അപകടത്തിൽ ആലമ്പാടി സ്വദേശിയായ റഫീഖ് (45 ) അതിദാരുണമായി മരണപ്പെട്ടു. റഫീഖ് ഓടിച്ചിരുന്ന ബൈക്കിൽ ചെർക്കള ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത് .അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.







