കാസര്‍കോട്: സ്‌കൂട്ടറില്‍ എത്തിയ സംഘം വഴി യാത്രക്കാരിയുടെ കഴുത്തില്‍ നിന്നു രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു. ഇന്നലെ (തിങ്കള്‍) വൈകുന്നേരം മൂന്നേകാല്‍ മണിയോടെ ഹൊസങ്കടി ദേശീയ പാത സര്‍വ്വീസ് റോഡിലാണ് സംഭവം. പൈവളിഗെ ബായിക്കട്ടയിലെ എ നയന (30)യുടെ സ്വര്‍ണ്ണമാലയാണ് നഷ്ടപ്പെ
ട്ടത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹൊസങ്കടി എസ്ബിഐ ബാങ്കിനു സമീപത്ത് സര്‍വ്വീസ് റോഡരുകിലൂടെ നടന്നു പോവുകയായിരുന്ന യുവതിയോട് ഹെല്‍മെറ്റും മഴക്കോട്ടും ധരിച്ചിരുന്ന രണ്ടു പേര്‍ വഴി ചോദിക്കുകയായിരുന്നു. വഴി ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിനിടയില്‍ കഴുത്തില്‍ നിന്നു രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത അക്രമികള്‍ സ്‌കൂട്ടറില്‍ അതിവേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു.
അക്രമികളെ കണ്ടെത്താന്‍ പൊലീസ് ദേശീയ പാതയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇരുചക്ര വാഹനങ്ങളിലെത്തി വഴി യാത്രക്കാരികളുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടുന്ന സംഘങ്ങള്‍ നേരത്തെ ജില്ലയില്‍ സജീവമായിരുന്നു. അത്തരം സംഭവങ്ങളിലെല്ലാം പ്രതികളെ കണ്ടെത്തി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് സമാന സംഭവം ഹൊസങ്കടിയില്‍ ഉണ്ടായതെന്നു പൊലീസ് അധികൃതര്‍ പറഞ്ഞു.






