കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം അക്രമിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത കുമ്പള പൊലീസ് കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേരെ കുമ്പള എസ്‌ഐ കെ.പി ഗണേശന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ഒരാളെ തെരയുന്നു.
മൊഗ്രാല്‍ മൈ മൂൺനഗര്‍ ,നീരോളി ഹൗസിലെ അഫ്‌സല്‍ (29), കുന്നില്‍ ഹൗസിലെ മുഹമ്മദ് മന്‍സൂര്‍ എന്ന ജീന എന്ന ഫൈസി (27) എന്നിവരെയാണ് കുമ്പള പൊലീസ് കയ്യോടെ പിടികൂടിയത്. ഇവരില്‍ അഫ്‌സൽ 2014ല്‍ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇതിന് പുറമെ കഞ്ചാവ്, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.
മന്‍സൂറിനെതിരെ കൊലപാതകശ്രമം, ആയുധനിയമം, മോഷണം തുടങ്ങിയവയ്ക്ക് കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.
മൊഗ്രാല്‍ മൈമൂന്‍ നഗറിലെ ഇ. മുഹാസിര്‍ (20), സുഹൃത്തായ 18കാരി എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്. ഇതു സംബന്ധിച്ച് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെ: “തിങ്കളാഴ്ച ഉച്ചക്ക് കുമ്പള, അനന്തപുരം ക്ഷേത്രത്തിനു സമീപത്തുള്ള പഴയ തറവാടിന് മുന്നില്‍ കാറില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു മുഹാസിറും പെണ്‍ സുഹൃത്തും. ഇതിനിടയില്‍ ഓട്ടോറിക്ഷയില്‍ എത്തിയ മൂന്നു പേര്‍ മുഹസീറിനെ അടിക്കുകയും യുവതിയോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് അക്രമി സംഘം കാറിനകത്തു കയറി. അതിനു ശേഷം കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത് സീതാംഗോളി ഭാഗത്തേക്ക് ഓടിച്ചു പോയി. സീതാംഗോളിയിലെ ബിവറേജസ് ഷോപ്പിനു മുന്നില്‍ എത്തിച്ചു. അവിടെ വച്ച് 500 രൂപ കൈക്കലാക്കിയ സംഘത്തിലെ ഒരാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം അരലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം കൊടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കാറുമായി അക്രമി സംഘം അമിതവേഗതയിലോടി. ഇതിനിടയില്‍ അതുവഴി എത്തിയ ഇന്നോവ കാറില്‍ ഉരസിയതിനെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. ബഹളം കേട്ട് എത്തിയ നാട്ടുകാരോടും വിവരമറിഞ്ഞെത്തിയ പൊലീസിനോടും സംഘം തട്ടിക്കയറി. തുടര്‍ന്നാണ് അഫ്‌സലിനെയും മന്‍സൂറിനെയും കസ്റ്റഡിയിലെടുത്തത്.”
ഇതിനിടയില്‍ സ്ഥലത്ത് നിന്നു രക്ഷപ്പെട്ട മൂന്നാം പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page