പഹൽഗാമിൽ പൊലിഞ്ഞ ജീവനുകൾക്ക് ഇന്ത്യയുടെ മറുപടി; പാക്കിസ്താനിലും പാക് അധീന കശ്മീരിലും 9 ഭീകര കേന്ദ്രങ്ങൾ തകർത്തു. 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്നു പേരു നൽകിയ സൈനിക നീക്കത്തിലൂടെ പാക്കിസ്താനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിന്നൽ മിസൈലാക്രമണം നടത്തി. 12 ഭീകരർ കൊല്ലപ്പെട്ടതായും 55 പേർക്ക് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിരിച്ചടിയിലൂടെ നീതി നടപ്പിലായതായി സൈന്യം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മിസൈൽ ആക്രമണം ആരംഭിച്ചത്. ഭീകരരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാക് സൈനിക കേന്ദ്രങ്ങളൊന്നും ആക്രമിച്ചിട്ടില്ല. ഭീകര സംഘടനയായ ലഷ്കർ തൊയിബയുടെ ആസ്ഥാനമായ പാക് പഞ്ചാബിലെ മുറിദ്കെ, ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ഭവൽപുർ, പാക് അധീന കശ്മീരിലെ കോട്ലി, മുസാഫറാബാദ്, അഹമ്മദ് ഈസ്റ്റ് ഏരിയ എന്നിവിടങ്ങളിലെ ആക്രമണം പാക്കിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നു മിസൈൽ ആക്രമണമുണ്ടായതായും പാക്കിസ്താൻ കൃത്യസമയത്ത് തിരിച്ചടി നൽകുമെന്നും സൈനിക വക്താവ് അഹമ്മദ് ഷെറീഫ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താനിലെ പ്രധാന വിമാനത്താവളങ്ങൾ 48 മണിക്കൂർ അടച്ചിടും. ഇന്ത്യൻ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിലെ കുപ്വാര ജില്ലയിലെ കർണയിൽ പാക്കിസ്താൻ ഷെല്ലാക്രമണം നടത്തി. ഇന്ത്യ-പാക് സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
ഏപ്രിൽ 22ന് ജമ്മുകശ്മീരിലെ പഹൽഗാമിൽ നാലംഗ ഭീകരസംഘം നടത്തിയ ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. ലഷ്കർ തൊയിബയുമായി ബന്ധമുള്ള ഭീകരസംഘടന ദ റസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page