അനധികൃത ഖനനകേസ്: ബിജെപി എംഎൽഎയ്ക്ക് 7 വർഷം തടവുശിക്ഷ

ഹൈദരാബാദ്: അധികൃത ഖനനകേസിൽ കർണാടകയിലെ മുൻമന്ത്രിയും ബിജെപി എംഎൽഎയുമായ ജനാർദന റെഡ്ഡിക്കു സിബിഐ പ്രത്യേക കോടതി 7 വർഷത്തെ തടവുശിക്ഷ വിധിച്ചു. റെഡ്ഡിക്കു പുറമെ മറ്റു 3 പേർക്കും 3 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിച്ചു.
വിധി പുറത്തു വന്നതിനു പിന്നാലെ റെഡ്ഡിയെ സിബിഐ കസ്റ്റഡിയിലെടുത്തു. കർണാടക- ആന്ധ്രപ്രദേശ് അതിർത്തിയിലെ ബെള്ളാരി സംരക്ഷിത വനമേഖലയിൽ അനധികൃത ഖനനം നടത്തിയെന്ന കേസാണിത്. ഖനനത്തിനായി കരാർ ഏറ്റെടുത്ത റെഡ്ഡിയും മറ്റു പ്രതികളും സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ ലംഘിച്ചു ഖനനം നടത്തി. 2007-2009 കാലത്ത് നടന്ന അനധികൃത ഖനനം സർക്കാരിനു 884 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച് 14 വർഷത്തിനു ശേഷമാണ് കോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നത്.
ഓപ്പറേഷൻ താമരയിലൂടെ ബിജെപിയെ കർണാടകയിൽ അധികാരത്തിലെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യവസായിയാണ് റെഡ്ഡി. പിന്നീട് ബിജെപി വിട്ട റെഡ്ഡി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി രൂപീകരിച്ചു മത്സരിച്ചിരുന്നു. ഗംഗാവതിയിൽ നിന്നും എംഎൽഎയുമായി. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി റെഡ്ഡിയുടെ പാർട്ടി ബിജെപിയിൽ ലയിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page