കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കുട്ടുപ്പുഴ, ആനപ്പന്തി സഹകരണ ബാങ്കില്‍ വന്‍ മുക്കുപണ്ട തട്ടിപ്പ്. കുട്ടുപ്പുഴ, കച്ചേരിക്കടവ് സ്വദേശി സുനീഷ് തോമസി(28)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ സൂത്രധാരനായ ബാങ്ക് കാഷ്യറും പ്രാദേശിക-സിപിഎം നേതാവുമായ സുധീര്‍ തോമസ് ഒളിവില്‍ പോയി.
ആനപ്പന്തി സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലാണ് 60 ലക്ഷം രൂപയുടെ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കില്‍ പണയം വച്ച സ്വര്‍ണ്ണം എടുത്തുമാറ്റി പകരം മുക്കുപണ്ടം വച്ചാണ് തട്ടിപ്പ് നടത്തിയത്. പണയ ഉരുപ്പടികള്‍ തിരികെയെടുത്ത പ്രവാസിയായ ഇടപാടുകാരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പണയ സ്വര്‍ണ്ണത്തിനു പകരം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ ബാങ്കില്‍ പരാതി നല്‍കി. തുടര്‍ന്ന് ബാങ്ക് സെക്രട്ടറി കച്ചേരിക്കടവ് ശാഖയില്‍ എത്തി പണയ സ്വര്‍ണ്ണങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതോടെ ബാങ്ക് കാഷ്വറും സിപിഎം പ്രാദേശിക നേതാവുമായ സുധീര്‍ തോമസ് മുങ്ങി. ഇയാള്‍ ഭാര്യയുടെ പേരില്‍ പണയം വച്ച സ്വര്‍ണ്ണത്തിനു പകരവും മുക്കുപണ്ടം പണയം വച്ചതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് ബാങ്ക് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയത്.








