ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇരട്ട പൗരത്വം വഹിക്കുന്നുണ്ടെന്ന ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. ഇന്ത്യയുടെയും ബ്രിട്ടന്റെയും പൗരത്വം രാഹുലിനുണ്ടെന്നും അതിനാൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടി കർണാടകയിലെ ബിജെപി പ്രവർത്തകൻ വിഗ്നേഷ് ശിശിർ നൽകിയ ഹർജിയിന്മേലാണ് നടപടി. ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് സർക്കാരിനോടു ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ മറുപടി നൽകുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി പറയാനാകില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ഇതോടെ ഹർജി ഇനിയും വാദം കേൾക്കാൻ മാറ്റുന്നതിൽ അർഥമില്ലെന്നു ചൂണ്ടിക്കാട്ടി വിചാരണ നടപടികൾ നിർത്തിവയ്ക്കുന്നതായി അറിയിക്കുകയായിരുന്നു. കേന്ദ്രസർക്കാർ അന്തിമ തീരുമാനത്തിലെത്തിയ ശേഷം ഹർജിയിൽ കഴമ്പുണ്ടെങ്കിൽ പരാതിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചു. രാഹുലിനു ബ്രിട്ടീഷ് പൗരത്വമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ തന്റെ പക്കലുണ്ടെന്നാണ് പരാതിക്കാരൻ അവകാശപ്പെടുന്നത്.







