നീറ്റ് പരീക്ഷയിൽ ആൾമാറാട്ടശ്രമം; വ്യാജഹാൾ ടിക്കറ്റുമായി വിദ്യാർഥി കസ്റ്റഡിയിൽ, അന്വേഷണം അക്ഷയ സെൻ്റർ ജീവനക്കാരിയിലേക്കും

പത്തനംതിട്ട: വ്യാജ ഹാൾ ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസിലെ പരീക്ഷാ സെന്ററിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർഥിയാണ് വ്യാജ ഹാൾടിക്കറ്റുമായി പരീക്ഷ എഴുതാൻ എത്തിയത്. ഹാൾ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് വിദ്യാർഥിയുടെ പേര് തന്നെയായിരുന്നു. എന്നാൽ ഡിക്ലറേഷൻ ഭാഗത്ത് തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു വിദ്യാർഥിയുടെ പേരാണുണ്ടായിരുന്നത്. അച്ചടി പിശകാണെന്ന സംശയത്തിൽ വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചു. എന്നാൽ ഡിക്ലറേഷൻ ഭാഗത്ത് പേരുള്ള വിദ്യാർഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതോടെ ആരോപണവിധേയനായ വിദ്യാർഥി പരീക്ഷ എഴുതുന്നത് തടഞ്ഞു. തുടർന്ന് പത്തനംതിട്ട പൊലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെന്ററിലെ ജീവനക്കാരിയാണെന്ന് വിദ്യാർഥി വെളിപ്പെടുത്തി. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. വിശദമായ അന്വേഷണം തുടരുകയാണെന്നും ഇതു പൂർത്തിയായാലേ കാര്യങ്ങൾക്കു വ്യക്തത വരുകയുള്ളുവെന്നും പത്തനംതിട്ട ഡിവൈഎസ്പി ബിനു വർഗീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page