ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം; എട്ടുപേര്‍ കസ്റ്റഡിയില്‍, കര്‍ണ്ണാടക ആഭ്യന്തര മന്ത്രി മംഗ്‌ളൂരുവില്‍; ഒറ്റയ്ക്കുള്ള രാത്രികാല യാത്ര ഒഴിവാക്കണമെന്ന് പൊലീസ്

മംഗ്‌ളൂരു: ബജ്‌പെയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ സുഹാസ് ഷെട്ടിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം എട്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നാലു പേര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നാണ് സൂചന. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.
വിവിധ സംഘങ്ങള്‍ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം. പ്രാദേശിക ഗുണ്ടാ നേതാവായ സഫ്‌വാന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.ആര്‍ ഹിതേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് കൊലക്കേസ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് നടത്തിയ ആസൂത്രണത്തിലൂടെയാണ് സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ ബജ്‌പെയില്‍ വച്ചാണ് സുഹാസ് ഷെട്ടി വെട്ടേറ്റു മരിച്ചത്.
സൂറത്ത് കല്ലില്‍ ഫാസില്‍ എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുഹാസ് ഷെട്ടി. 2022 ജുലായ് മാസത്തില്‍ സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിന്റെ പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ പ്രതിയായ സുഹാസ് ഷെട്ടി അറസ്റ്റിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
അതേ സമയം മംഗ്‌ളൂരുവിലും പരിസരങ്ങളിലും പൊലീസ് ഏര്‍പ്പെടുത്തിയ ജാഗ്രത തുടരുകയാണ്. രാത്രികാലങ്ങളിലുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി. ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും അത്യാവശ്യമാണെങ്കില്‍ പൊലീസിന്റെ സഹായം തേടണമെന്നും നിര്‍ദ്ദേശമുണ്ട്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി മംഗ്‌ളൂരുവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page