മംഗ്ളൂരുവില്‍ നിരോധനാജ്ഞയ്ക്കിടയിലും അക്രമം; കുണ്ടിക്കാനിലും കണ്ണൂരിലും രണ്ടു പേരെ ആക്രമിച്ചു, സുഹാസ് ഷെട്ടി കൊലക്കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്ത്

മംഗ്ളൂരു: ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘര്‍ഷാവസ്ഥ ഉടലെടുത്ത മംഗ്ളൂരുവില്‍ രണ്ടിടത്ത് അക്രമം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് മംഗ്ളൂരുവിലും പരിസരങ്ങളിലും പൊലീസ് കര്‍ശന നിരീക്ഷണം തുടരുന്നു. കുണ്ടിക്കാനില്‍ ഒരു കാറിലെത്തിയ അജ്ഞാത സംഘം മത്സ്യവ്യാപാരിയായ ഉള്ളാളിലെ ലുക്മാനെ അക്രമിക്കുകയായിരുന്നു. അക്രമ സംഭവം നേരില്‍ കണ്ട ഒരു സ്ത്രീ നിലവിളിച്ച് ആള്‍ക്കാരുടെ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ലുക്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ മംഗ്ളൂരു, കണ്ണൂരില്‍ മീന്‍ മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടയില്‍ നൗഷാദ് എന്ന യുവാവാണ് അക്രമത്തിനു ഇരയായത്. മൂന്നു പേരാണ് ഇയാളെ ആക്രമിച്ചത്. രണ്ടു സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
അതേ സമയം സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നഡ എം.പി ക്യാപ്റ്റന്‍ ബ്രിജേഷ് പന്നട്ട കേന്ദ്ര ആഭ്യന്തര മന്ത്രിക്കു കത്തയച്ചു. കൊലപാതകത്തിനു പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രിയിലാണ് കൊലക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്ന സുഹാസ് ഷെട്ടി ബജ്പെയില്‍ വെട്ടേറ്റ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page