മംഗ്ളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന കേസ്; ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

മംഗ്ളൂരു: മംഗ്ളൂരു, കുടപ്പുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസിൽ അലംഭാവം കാട്ടിയെന്നു ആരോപിച്ച് മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മംഗ്ളൂരു റൂറൽ പൊലീസ് ഇൻസ്പെക്ടർ ശിവകുമാർ , ഹെഡ് കോൺസ്റ്റബിൾ പി.ചന്ദ്ര, കോൺസ്റ്റബിൾ യല്ല ലിംഗ എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശിയും വയനാട്, പുൽപ്പള്ളിയിൽ താമസക്കാരനുമായ മുഹമ്മദ് അഷ്റഫ് (36) ആണ് കൊല്ലപ്പെട്ടത്. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ രണ്ടു മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസിന്റെ കൃത്യനിർവഹണത്തിൽ തടസമുണ്ടായി എന്നും വിലയിരുത്തിയാണ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതാണ് ആൾക്കൂട്ട ആക്രമണത്തിനു ഇടയാക്കിയതെന്നു ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ഇതിനകം 20 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page