മലയാള സിനിമയെ ലോക നെറുകയിലെത്തിച്ച ചലച്ചിത്രകാരൻ; വിഖ്യാത സംവിധായകൻ ഷാജി എൻ. കരുൺ വിടവാങ്ങി

തിരുവനന്തപുരം: രാജ്യാന്തര തലത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു. വൈകിട്ട് 5ന് തിരുവനന്തപുരം വഴുതരക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം.
1952ൽ കൊല്ലം കണ്ടച്ചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ജനനം. ഛായാഗ്രഹകനായാണ് സിനിമ മേഖലയിലേക്കെത്തുന്നത്. 40-ഓളം സിനിമകൾക്കു ക്യാമറ ചലിപ്പിച്ചു. 7 സിനിമകൾ സംവിധാനം ചെയ്തു.
എഴുപതോളം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ‘പിറവി’ (1988) യാണ് ആദ്യ ചിത്രം. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ‘പിറവി’യിലൂടെ നേടി. രണ്ടാമത്തെ സിനിമയായ ‘സ്വം’ കാൻ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ്. മൂന്നാമത്തെ ചിത്രം ‘വാനപ്രസ്ഥം’ കാനിൽ ഔദ്യോഗിക വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കുട്ടിസ്രാങ്കിലൂടെ (2009) മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി. ഓള് (2018) ആണ് അവസാനചിത്രം. തമ്പ്, കുമ്മാട്ടി ഉൾപ്പെടെ ഒട്ടേറെ ക്ലാസിക്കൽ സിനിമയ്ക്കു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമാണ്. 2011ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.
ഭാര്യ: അനസൂയ വാര്യർ. അനിൽ , അപ്പു എന്നിവർ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page