ജയ്പൂർ: പരീക്ഷ എഴുതാൻ അനുവദിക്കാതെ ഒമ്പതാം ക്ലാസുകാരനെ കൊണ്ട് ചിക്കൻ മുറിപ്പിച്ച അധ്യാപകന് സസ്പെൻഷൻ. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. അധ്യാപകനായ മോഹൻലാൽ ദോഡയെയാണ് സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച കോട്ടഡയിലെ ആദിവാസി മേഖലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ഇംഗ്ലിഷ് പരീക്ഷ എഴുതുകയായിരുന്ന ഒമ്പതാം ക്ലാസുകാരൻ രാഹുൽകുമാർ പർഗിയെയാണ് അധ്യാപകൻ തടസ്സപ്പെടുത്തിയത്. മറ്റൊരു അധ്യാപികയ്ക്കായി ഇയാൾ വാങ്ങിയ ചിക്കൻ മുറിക്കാൻ രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടി ചിക്കൻ മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പ്രദേശവാസികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. രാഹുലും അധ്യാപകനെതിരെ മൊഴി നൽകി. ഇതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ ഉത്തരവിടുകയായിരുന്നു.
