വിവാഹദിനത്തില്‍ വരന് ദാരുണാന്ത്യം, 24 കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് വധുവിന്റെ കാമുകനും സുഹൃത്തുക്കളും

ചണ്ഡിഗഡ്: വിവാഹ ദിനത്തില്‍ 24കാരനെ വധുവിന്റെ മുന്‍കാമുകനും സുഹൃത്തുക്കളും മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിശ്രുത വധുവിന്റെ മുന്‍ കാമുകന്‍ അറസ്റ്റിലായി. ശനിയാഴ്ച ഹരിയാനയിലെ ബല്ലാബാഗിലെ സോതെയ് ഗ്രാമത്തിലാണ് സംഭവം. 24കാരനായ ഗൗരവ് എന്ന യുവാവ് കൊല്ലപ്പെട്ടത്. വിവാഹ ദിനത്തില്‍ അഞ്ച് പേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയുമായിരുന്നുവെന്ന് 24കാരന്റെ പിതാവായ പ്രേംചന്ദ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാര്‍ച്ച് 28ന് വധുവിന്റെ കാമുകനായ സൗരവ് ഫരീദാബാദില്‍ വച്ച് മകനെ ഭിഷണിപ്പെടുത്തിയിരുന്നുവെന്നാണ് പ്രേംചന്ദിന്റെ പരാതിയില്‍ വിശദമാക്കിയത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗൗരവിന്റെ പ്രതിശ്രുത വധുവിന്റെ മുന്‍ കാമുകനായ സൗരവ് അറസ്റ്റിലായത്. നേരത്ത വിവാഹ വേദിയിലേക്ക് എത്തിയാല്‍ കൊലപ്പെടുത്തുമെന്നായിരുന്നു സൗരവ് ഭീഷണിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഗൗരവ് പൊലീസില്‍ പരാതി നല്‍കി. ഈ കേസ് പൊലീസ് ഇടപെട്ട് രമ്യതയിലാക്കി പരിഹരിച്ചിരുന്നു. സൌരവ് ക്ഷമാപണം നടത്തിയതിന് ശേഷമായിരുന്നു സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയത്. ഗ്രാമത്തിലെ മുതിര്‍ന്നവരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭവം ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ വിവാഹ ദിവസം ഉച്ചയോടെ കാറില്‍ പോവുകയായിരുന്ന ഗൌരവിനെ വഴിയില്‍ തടഞ്ഞ് അഞ്ചംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. തോക്ക് ചൂണ്ടി യുവാവിനെ കാറില്‍ നിന്ന് ഇറക്കിയ ശേഷം ബേസ്‌ബോള്‍ ബാറ്റും ഇരുമ്പ് വടികളും ഉപയോഗിച്ചു മര്‍ദ്ദിച്ചു. യുവാവിന്റെ തലയിലും കാലിലും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. വിവാഹ നിശ്ചയ സമയത്ത് പ്രതിശ്രുത വധുവിന്റെ വീട്ടുകാര്‍ സമ്മാനിച്ച സ്വര്‍ണമാലയും മോതിരവും അടക്കമുള്ള ആഭരണങ്ങളും സംഘം തട്ടിയെടുത്താണ് സ്ഥലം വിട്ടത്. വീടിന് സമീപത്തെ റോഡില്‍ നിന്നാണ് പരിക്കേറ്റ നിലയില്‍ ഗൗരവിനെ കണ്ടെത്തിയത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവ് മരിച്ചതോടെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അക്രമത്തില്‍ പ്രതിശ്രുത വധുവിനും പങ്കുണ്ടെന്നാണ് മരിച്ച യുവാവിന്റെ പിതാവ് ആരോപിക്കുന്നത്. യുവാവിന്റെ ഫോട്ടോയും അഡ്രസും അടക്കമുള്ള വിവരം അക്രമി സംഘത്തിന് നല്‍കിയെന്ന് പിതാവ് ആരോപിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page